കൊച്ചി: പ്രശസ്ത സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വച്ചാണ് ഹൈബ്രിഡ് കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്. ഛായാഗ്രാഹകൻ സമീർ താഹിറയുടെ ഉടമസ്ഥതയിലുള്ളതാണ് ഗോശ്രീ പാലത്തിന് സമീപമുള്ള ഈ ഫ്ലാറ്റ്.
ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് പൂർവ ഗ്രാൻഡ് ബേ ബിൽഡിംഗിൽ അഞ്ചാം നിലയിലെ 506-ാം നമ്പർ ഫ്ളാറ്റിൽ എക്സൈസ് സംഘം എത്തിയത്. സെക്യൂരിറ്റി ജീവനക്കാരനാണ് ഫ്ലാറ്റിന്റെ കോളിംഗ് ബെൽ അമർത്തിയത്. തുടർന്ന് ഫ്ലാറ്റിലുണ്ടായിരുന്ന ഷാലി മുഹമ്മദിൽ വാതിൽ തുറന്നു. പിന്നാലെ എക്സൈസ് സംഘം അകത്ത് കയറി. ഈ സമയം കഞ്ചാവ് ഉപയോഗിക്കുകയായിരുന്നു പ്രതികൾ. ആദ്യം എക്സൈസ് ഉദ്യോഗസ്ഥർ സംവിധായകരെ തിരിച്ചറിഞ്ഞില്ല. ജൂനിയർ ആർട്ടിസ്റ്റുകളാണെന്നും മഞ്ഞുമ്മൽ ബോയ്സിൽ ചെറിയ വേഷം ചെയ്തിട്ടുണ്ടെന്നും ഖാലിദ് പറഞ്ഞു. മുഖപരിചയം തോന്നിയ ഉദ്യോഗസ്ഥൻ ഇവരുടെ ഫോട്ടോയെടുത്ത് ഗൂഗിൾ ലെൻസിൽ ഇട്ടതോടെയാണ് പ്രമുഖ സംവിധായകരാണെന്ന് മനസ്സിലായത്. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കുറവായതിനാൽ ഒടുവിൽ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
സമീർ താഹിറയുടെ ഫ്ലാറ്റ് ലഹരിയുടെ കേന്ദ്രമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. മട്ടാഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിനിമ പ്രവർത്തകർ ഫ്ലാറ്റിലെ നിത്യസന്ദർശകരാണ്. എല്ലാവർക്കും തുറന്ന് കയറാൻ സാധിക്കുന്ന തരത്തിൽ കോമൺ കീ ആണ് ഉള്ളതെന്നും അറസ്റ്റിലായവർ മൊഴി നൽകിയിട്ടുണ്ട്.















