ബംഗളൂരു: പൊതുവേദിയില്‍വെച്ച് പൊലീസ് ഉദ്യോഗസ്ഥനെ അടിക്കാനോങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെല്‍ഗാവിയില്‍ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുന്നതിനിടെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ‘ഇവിടെ വാ, ആരാണ് എസ്പി, നിങ്ങളെന്താണ് ചെയ്യുന്നത്’ എന്ന് ചോദിച്ച് പൊലീസ് ഉദ്യോഗസ്ഥനെ വേദിയിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു സിദ്ധരാമയ്യ അടിക്കാനോങ്ങിയത്. ദ്വാരക എസ്പി നാരായണ ബരമണിക്ക് നേരെയായിരുന്നു സിദ്ധരാമയ്യയുടെ രോഷപ്രകടനം. അടിക്കാനോങ്ങുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിന്നോട്ട് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥനോട് ചോദിക്കുന്നതും അടിക്കാനോങ്ങുന്നതും വീഡിയോയില്‍ കാണാം. വേദിയിലുണ്ടായ കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സുര്‍ജെവാലയും മന്ത്രി പാട്ടീലും അടക്കമുള്ളവര്‍ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എങ്കിലും അദ്ദേഹം വീണ്ടും പ്രകോപിതനാവുകയായിരുന്നു. ഇത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
കേന്ദ്ര സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് ബെല്‍ഗാവില്‍ സംഘടിപ്പിച്ച പ്രതിഷേധ വേദിയില്‍ വെച്ചായിരുന്നു പൊലീസുകാരനെതിരേ സിദ്ധരാമയ്യ തിരിഞ്ഞത്. പഹല്‍ഗാമിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുടെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെപി പ്രവര്‍ത്തകര്‍ ഈ വേദിയിലേക്ക് പ്രതിഷേധവുമായെത്തി. ഈ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞെങ്കിലും ഇവരില്‍ ചിലര്‍ സദസില്‍ കടന്ന് മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു. ഇതാണ് സിദ്ധരാമയ്യയെ പ്രകോപിപ്പിച്ചത്.
സംഭവത്തില്‍ ബിജെപി രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നു. അധികാരം എന്നെന്നേക്കുമുള്ളതല്ലെന്ന മുന്നറിയിപ്പുമായി ജെഡിഎസും രംഗത്തെത്തി. അപമാനിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനോട് സിദ്ധരാമയ്യ ഉടന്‍ ക്ഷമാപണം നടത്തണമെന്ന് ബിജെപി വക്താവ് വിജയ് പ്രസാദ് പറഞ്ഞു.















