തൃശൂര്‍ : ആന പ്രേമികളുടെ ഹരമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇത്തവണയും പൂരത്തിനെത്തും. ആന വരുമ്പോള്‍ തിരക്ക് ഏറുന്നതും നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും കൊണ്ട് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരത്തിന് എത്തില്ലെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാൽ പൂരപ്രേമികളുടെ ആവശ്യം പരിഗണിച്ച് ആ തീരുമാനം പുനഃപരിശോധിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തൃശൂര്‍ പൂരത്തിലെ നിറസാന്നിധ്യമായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.
ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ചെമ്പൂക്കാവ് ശ്രീ കാര്‍ത്ത്യായനി ഭഗവതിയുടെ തിടമ്പാകും ഏറ്റുക. കഴിഞ്ഞവര്‍ഷം നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആയിരുന്നു. നെയ്തലക്കാവ് ഘടക പൂരമാണ് ഏറ്റവും അവസാനം വടക്കുന്നാഥ ക്ഷേത്രത്തിൽ പ്രവേശിക്കുക. പൂരത്തിന് ശേഷം രാമചന്ദ്രന് മടങ്ങിപ്പോകാൻ ജനത്തിരക്ക് മൂലം ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷം മാത്രമാണ് പൂരദിവസം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തിയത്. അതിനുമുന്‍പ് തലേന്ന് നടക്കുന്ന പൂരവിളംബരത്തിനാണ് എത്തിയിരുന്നത്.നേരത്തെ പൂര വിളംബരത്തില്‍ നിന്നും ആനയെ മാറ്റിയിരുന്നു.
അഞ്ചുവര്‍ഷം തൃശൂര്‍ പൂരത്തിന് തെക്കേഗോപുരനട തുറക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തിയിരുന്നു.പിന്നീട് ഇത് എറണാകുളം ശിവകുമാറിലേക്ക് മാറ്റി. ഇതോടെയാണ് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റാനായി തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ എത്തിയത്.















