കൊൽക്കത്ത: ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 15 പേർ മരിച്ചു. സെൻട്രൽ കൊൽക്കത്തയിലെ മേച്ചുപട്ടി ഏരിയയിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. രാത്രി എട്ടര സമയത്ത് ഹോട്ടലിൽ നിന്ന് തീയും പുകയും ഉയരുന്ന കാഴ്ചയാണ് സമീപത്തുണ്ടായിരുന്നവർ കണ്ടത്. ഇടുങ്ങിയതും തിരക്കേറിയതുമായ പ്രദേശമായതിനാൽ ആളുകൾ പരിഭ്രാന്തരായി ഓടി. ഹോട്ടൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ജനാലയിലൂടെയും മറ്റും താഴേക്ക് ചാടിയ പലർക്കും ഗുരുതരമായി പരിക്കേറ്റു. പത്തോളം അഗ്നിശമനസേനാ യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.