ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക ഉന്നതതല യോഗത്തിന് പിന്നാലെ ഇന്ത്യ തിരിച്ചടിക്കുമെന്ന ഭീതിയിൽ പാകിസ്താൻ. അടുത്ത 36 മണിക്കൂറിൽ തങ്ങൾ ആക്രമിക്കപ്പെടുമെന്നും അതിനായി പദ്ധതികൾ നടക്കുകയാണെന്നും പാകിസ്താന്റെ വാർത്താവിനിമയ മന്ത്രി അത്തൗള തരാർ പറഞ്ഞു. പുലർച്ചെ രണ്ട് മണിക്ക് പങ്കുവച്ച വീഡിയോ സന്ദേശത്തിലാണ് പാക് മന്ത്രിയുടെ പ്രതികരണം.
അടുത്ത 24, 36 മണിക്കൂറിനുള്ളിൽ ഇന്ത്യ ഞങ്ങൾക്കെതിരെ സൈനിക ആക്രമണം നടത്തും. അതിന് പദ്ധതിയിടുന്നതിന്റെ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. ഇന്ത്യയുടെ ഏത് നടപടിക്കും ശക്തമായ മറുപടി കൊടുക്കും. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന് പങ്കുണ്ടെന്നുള്ളത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും പാക് മന്ത്രി അവകാശപ്പെട്ടു.
സത്യാവസ്ഥ കണ്ടെത്തുന്നതിന് നിഷ്പക്ഷവും സ്വതന്ത്ര്യവുമായ അന്വേഷണത്തിന് പാകിസ്താൻ തയാറാണ്. രാജ്യത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കുന്നതിന് പാകിസ്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അത്തൗള പറഞ്ഞു.
പിന്നാലെ, പ്രത്യാക്രമണം കനത്തതാകുമെന്ന ഭയത്താൽ ഐക്യരാഷ്‌ട്രസഭയെ സമീപിച്ചിരിക്കുകയാണ് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി സംസാരിക്കുകയും സഹായമഭ്യർത്ഥിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.















