ലഹരി ഉപയോഗിച്ചതിന് പൊലീസ് പിടികൂടിയ വേടനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തുന്ന സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ലഹരി പദാർത്ഥങ്ങൾ ഒഴിവാക്കിയാൽ അവനവന് കൊള്ളാം, അത്രേ പറയാനുള്ളൂവെന്ന് ജൂഡ് പ്രതികരിച്ചു.
വേടന്റെ ലഹരി ഉപയോഗത്തെ ജാതിയുടെയും നിറത്തിന്റെയും സവർണതയുടെയും പുതപ്പുമൂടി ന്യായീകരിച്ച് പ്രമുഖരും കലാപ്രവർത്തകരും എത്തുന്ന സാഹചര്യത്തിലാണ് ജൂഡിന്റെ പ്രതികരണം. ന്യായീകരണവും വെളുപ്പിക്കലും കൊള്ളാം. ഇതൊക്കെ ഉപയോഗിച്ച് ജീവിതം തകർത്ത ഒരുപാട് പേരുണ്ട്. 10 വർഷങ്ങൾക്കു മുൻപ് കേരളത്തിൽ ഉണ്ടായിരുന്ന ഡീ അഡിക്ഷൻ സെന്ററുകളുടെ എണ്ണവും ഇന്നത്തെ എണ്ണവും ഒന്ന് താരതമ്യം ചെയ്തു നോക്കിയാൽ മതിയെന്നും ജൂഡ് ഓർമിപ്പിച്ചു.
നേരത്തെ ഉണ്ണി മുകുന്ദനും സമാന നിലപാടുമായി മുന്നോട്ടുവന്നിരുന്നു. സിഗരറ്റ് വലിക്കുന്നതിലല്ല ആണത്തമെന്ന് ഉണ്ണി ഓർമിപ്പിച്ചു. മാർക്കോയെ അനുകരിക്കാൻ ആഗ്രഹിക്കുന്നവർ മാർക്കോയുടെ സിക്സ് പാക്ക് ആണ് അനുകരിക്കേണ്ടതെന്നും വലിച്ചുകയറ്റുന്ന പുകവലി നമ്മെ വലിയവനാക്കില്ലെന്ന സന്ദേശമാണ് ഉണ്ണി മുകുന്ദൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ നൽകിയത്.