എറണാകുളം: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ പ്രതിചേർക്കാനുള്ള തെളിവില്ലെന്ന് എക്സൈസ്. ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ചോദ്യം ചെയ്യുന്നതിനും തുടർ നടപടികൾക്കുമായി നടനെ വീണ്ടും വിളിച്ചുവരുത്തും.
കേസിൽ നടന്മാരെ പ്രതിചേർക്കില്ലെങ്കിലും നിരീക്ഷണം തുടരാനാണ് എക്സൈസിന്റെ തീരുമാനം. ഹൈബ്രിഡ് ലഹരി ഇടപാടുകാരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കുക.
കേസിലെ പ്രതിയായ തസ്ലീമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകൾ എക്സൈസ് കണ്ടെടുത്തിരുന്നു. കഴിഞ്ഞ ദിവസവും ശ്രീനാഥ് ഭാസി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. താൻ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും ലഹരിയിൽ നിന്ന് മുക്തി നേടാനുള്ള ശ്രമത്തിലാണുമാണ് ശ്രീനാഥ് ഭാസി നൽകിയ മൊഴി.
തസ്ലീമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 12 മണിക്കൂറോളമാണ് നടന്മാരെ ചോദ്യം ചെയ്തത്. ഷൈനുമായും ശ്രീനാഥ് ഭാസിയുമായും ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് തസ്ലീമ എക്സൈസിനോട് പറഞ്ഞത്. രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് എക്സൈസ് ആലപ്പുഴയിൽ നിന്നും പിടികൂടിയത്.















