ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലുള്ള ഔദ്യോഗിക വസതിയിലാണ് യോഗം ചേർന്നത്. സുരക്ഷ, സമ്പദ് വ്യവസ്ഥ തുടങ്ങിയ നിരവധി വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കര-വ്യോമ- നാവിക സേനകളുടെ മേധാവിമാർ ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്തു.
സുരക്ഷാ തയാറെടുപ്പുകൾ വിലയിരുത്തുന്നതിനായി സുരക്ഷാകാര്യ മന്ത്രിസഭാ സമിതി ഉൾപ്പെടെ നാല് ഉന്നതതല യോഗങ്ങൾ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. പാകിസ്താന് കനത്ത തിരിച്ചടി നടത്താൻ കച്ചമുറുക്കി ഇറങ്ങുകയാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ പാകിസ്താന് തിരിച്ചടി നൽകാൻ കര, നാവിക, വ്യോമസേനകൾക്ക് പ്രധാനമന്ത്രി പൂർണ സ്വാതന്ത്ര്യം നൽകി. അതിർത്തികളിൽ സൈന്യം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഒരാഴ്ചയ്‌ക്കിടെ രണ്ടാമത്തെ സുരക്ഷാകാര്യ മന്ത്രിസഭാ സമിതി യോഗമാണിത്. കേന്ദ്ര മന്ത്രിസഭയിലെ ഉന്നത മന്ത്രിമാർ ഉൾപ്പെടുന്ന സൂപ്പർ കാബിനറ്റ് അഥവാ രാഷ്‌ട്രീയകാര്യ മന്ത്രിസഭാ സിമിതി യോഗവും നടന്നു.
പ്രധാനമന്ത്രി, അമിത് ഷാ, രാജ്നാഥ് സിംഗ്, എസ് ജയശങ്കർ, നിർമല സീതാരാമൻ എന്നിവരാണ് സുരക്ഷാകാര്യ മന്ത്രിസഭാ സമിതിയിലുള്ളത്. 2019-ലാണ് അവസനാനമായി സൂപ്പർ കാബിനറ്റ് യോഗം ചേർന്നത്.