കൊച്ചി: ഛായാഗ്രാഹകൻ സമീർ താഹിറിന് എക്സൈസ് നോട്ടീസ്. കൊച്ചി ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു കൊണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
സമീർ താഹിറിന്റെ മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വച്ചാണ് സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് മൂസ എന്നിവർ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായത്. ഗോശ്രീ പാലത്തിന് സമീപമുള്ള ഫ്ലാറ്റ് സമീറാണ് വാടകയ്‌ക്ക് എടുത്തത്. ഈ ഫ്ലാറ്റ് ലഹരിയുടെ കേന്ദ്രമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മട്ടാഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിനിമക്കാർ ഇവിടത്തെ സ്ഥിരം സന്ദർശകരായിരുന്നു. എല്ലാവർക്കും തുറക്കാൻ പാകത്തിന് കോമൺ കീം ആയിരുന്നു ഫ്ലാറ്റിനുണ്ടായിരുന്നത്. ദീർഘനാളായി ഫ്ലാറ്റ് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
കൊച്ചി സ്വദേശിയായ സമീർ താഹിർ സംവിധായകനും നിർമാതാവും കൂടിയാണ്. ബിഗ് ബി, നിദ്ര, ഡയമൺഡ് നെക്ലേസ്, ആവേശം, പട തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ്. സൂക്ഷ്മദർശിനി, സുഡാനി ഫ്രം നൈജീരിയ തുടങ്ങി നിരവധി ചിത്രങ്ങളുടെ നിർമാതാവാണ്. കലി, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ചാപ്പാക്കുരിശ് തുടങ്ങിയ സിനികളുടെ സംവിധായകൻ കൂടിയാണ്.















