ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനിലേക്ക് നാടുകടത്തപ്പെട്ടവരിൽ ശൗര്യചക്ര നൽകി ആദരിച്ച ധീരജവാന്റെ മാതാവും ഉൾപ്പെട്ടിട്ടുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കി. ഭീകരരുമായുള്ള പോരാട്ടത്തിൽ വീരമൃത്യുവരിച്ച ജമ്മുകശ്മീർ പൊലീസ് കോൺസ്റ്റബിൾ മുദാസിർ അഹമ്മദ് ഷെയ്ഖിന്റെ മാതാവ് ഷെമീമ അഖ്തറിനെ നാടുകടുത്തുന്നു എന്ന് തരത്തിലായിരുന്ന വ്യാജ വാർത്ത പ്രചരിച്ചത്.
മലയാള മാദ്ധ്യമങ്ങളിലടക്കം ഇത് വലിയ വാർത്തയായി. പലരും പോസ്റ്ററുകളും ഇറക്കി. ‘അന്ന് രാഷ്‌ട്രപതിയിൽ നിന്ന് മകന്റെ ശൗര്യചക്ര ഏറ്റുവാങ്ങി ഇന്ന് ഷെമീമയും നാടുവിടണം’ എന്നായിരുന്നു ഒരു മാദ്ധ്യത്തിന്റെ പോസ്റ്റർ. കൂടെ ഷെമീമ ശൗര്യചക്ര ഏറ്റുവാങ്ങുന്ന ചിത്രവും. സോഷ്യൽ മീഡിയയും ഇത് ഏറ്റെടുത്തു. വ്യാജ പ്രചാരണം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ജമ്മുകശ്മീർ പൊലീസ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ജമ്മു കശ്മീർ പൊലീസ് പൊതുജനങ്ങളോടും മാദ്ധ്യമങ്ങളോടും അഭ്യർത്ഥിച്ചു.
ഭീകരവിരുദ്ധ ദൗത്യത്തിനിടെ 2022 മേയിലാണ് മുദാസിർ വീരമൃത്യു വരിച്ചത്. തുടർന്ന് മരണാനന്തര ബഹുമതിയായി രാജ്യം ശൗര്യചക്ര നൽകി ആദരിച്ചു. മുദാസിർ അഹമ്മദ് ഷെയ്ഖിന്റെ അമ്മ ഷെമീമ പാകിസ്താനിലാണ് ജനിച്ചത്. എന്നാൽ കഴിഞ്ഞ 45 വർഷമായി ഇന്ത്യയിലാണ് താമസം. ഇന്ത്യൻ പാസ്പോർട്ട് അടക്കം ഇവർക്കുണ്ട്. പാകിസ്താൻ വേരുകളുള്ളവരുടെ പട്ടിക പ്രാദേശിക ഭരണകൂടം തയ്യാറാക്കിയപ്പോൾ അതിൽ ഷെമീമയുടെ പേരും അബദ്ധത്തിൽ ഉൾപ്പെട്ടിരുന്നു. അതാണ് നാടുകടത്തലാക്കി വളച്ചൊടിച്ചത്.
വിഭജന സമയത്ത് ഷെമീമയുടെ പിതാവ് പാകിസ്താനിലേക്ക് കുടിയേറിയിരുന്നു. പാകിസ്താനിൽ വച്ചാണ് അദ്ദേഹം വിവാഹിതനായത്. എന്നാൽ ഭാര്യ മരിച്ചതോടെ അദ്ദേഹം മകളുമായി തിരിച്ച് ഇന്ത്യയിൽ എത്തി സ്ഥിര താമസമാക്കുകയായിരുന്നു.















