മുംബൈ: 2025 ലെ ഏറ്റവും മികച്ച മൂല്യത്തിലേക്കെത്തി കരുത്തുകാട്ടി രൂപ. ബുധനാഴ്ച രൂപയുടെ മൂല്യം 0.5% ഉയര്‍ന്ന് 84.78 എന്ന നിലയിലെത്തി. 2025 ലെ ഇതുവരെയുള്ള രൂപയുടെ ഏറ്റവും മികച്ച നിലയാണിത്. മാര്‍ച്ച് മാസത്തില്‍ രൂപ ഇതിനകം 2% നേട്ടം കൈവരിച്ചു. 2018 നവംബറിന് ശേഷമുള്ള ഏറ്റവും മികച്ച പ്രതിമാസ പ്രകടനമാണിത്.
ഓഹരി വിപണിയിലേക്കുള്ള പുതിയ വിദേശ നിക്ഷേപങ്ങള്‍, കയറ്റുമതിക്കാര്‍ നയിക്കുന്ന ഡോളര്‍ വില്‍പ്പന, കറന്‍സി വിപണിയിലെ ഷോര്‍ട്ട് കവറിംഗിന്റെ തരംഗം എന്നിവയാണ് ഇന്ത്യന്‍ രൂപക്ക് കരുത്തായത്.
പൊതുവെ ഏഷ്യന്‍ കറന്‍സികളിലെല്ലാം ഡോളറിനെതിരെ വിശാലമായ തിരിച്ചുവരവാണ് ദൃശ്യമാകുന്നത്. ബുധനാഴ്ച ചില ഏഷ്യന്‍ കറന്‍സികളുടെ മൂല്യം 0.8% വരെ ഉയര്‍ന്നു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള നിക്ഷേപകരുടെ ശുഭാപ്തിവിശ്വാസം രൂപയ്‌ക്കുള്ള പിന്തുണ വര്‍ദ്ധിപ്പിച്ചു. താരിഫുകളെക്കുറിച്ചുള്ള ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നു എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഒരു കരാര്‍ ഉടന്‍ സാധ്യമാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
യുഎസ് ഡോളര്‍ ദുര്‍ബലമാകുന്നതും യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ തണുപ്പന്‍ നീക്കങ്ങളും ഏഷ്യന്‍ കറന്‍സികള്‍ക്ക് ഇനിയും മുന്നേറ്റത്തിന് അവസരമൊരുക്കുന്നുണ്ട്.
എന്നിരുന്നാലും ചില അപകടസാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ച് കശ്മീരില്‍ കഴിഞ്ഞയാഴ്ച നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങളില്‍ ഉണ്ടാകുന്ന ഏതൊരു പൊട്ടിത്തെറിയും രൂപയുടെ മൂല്യത്തെ തളര്‍ത്താം.