തിരുവനന്തപുരം: നാളെ കമ്മീഷനിംഗ് നടക്കാനിരിക്കെ വിഴിഞ്ഞം തുറമുഖത്തിന് നേരെ ബോംബ് ഭീഷണി. മലപ്പുറത്തെ ഒരു കേന്ദ്രത്തിൽ ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഴിഞ്ഞത്ത് സുരക്ഷ കൂടുതൽ ശക്തമാക്കി. ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് എത്താനിരിക്കെയാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്.
തിരുവനന്തപുരത്ത് ഇന്ന് മൂന്നിടങ്ങളിൽ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ജില്ലാ കോടതി, എഞ്ചിനീയറിംഗ് കോളേജ്, നഗരസഭ എന്നിവിടങ്ങളിലാണ് സന്ദേശം ലഭിച്ചത്. ഇതിന് പിന്നാലെയാണ് വിഴിഞ്ഞം തുറമുഖത്തും ബോംബ് ഭീഷണി വന്നത്. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. ഭീഷണി സന്ദേശത്തിന് പിന്നാലെ പ്രദേശത്ത് കടുത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
പ്രത്യേക സുരക്ഷാ സംവിധാനങ്ങളാണ് തുറമുഖത്ത് ഒരുക്കിയിരിക്കുന്നത്. കടലിലൂടെയുള്ള നിരീക്ഷണങ്ങളും നടക്കുകയാണ്. എസ്പിജിയുടെ കൂടുതൽ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഉച്ചയ്‌ക്ക് രണ്ട് മണിമുതൽ രാത്രി പത്ത് മണിവരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടായിരിക്കും. തുടർന്ന് കമ്മീഷനിംഗ് നടക്കുന്ന നാളെ രാവിലെ ആറ് മണിമുതൽ വൈകുന്നേരം ആറ് മണിവരെയും നിയന്ത്രണമുണ്ടാവും.