PubG ഗെയിം യുവതമുറയെ ലഹരിപോലെ പിടിമുറുക്കിയിരിക്കുകയാണ്. ഗെയിമിംഗ് അഡിക്ഷൻ പലരീതിയിലും കുട്ടികളെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഞെട്ടിക്കുന്നൊരു സംഭവമാണ് ഡൽഹിയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത്. ദിവസം മുഴുവൻ മുറിയടച്ചിരുന്ന് PubG കളിച്ച 19 കാരന്റെ അരയ്‌ക്ക് താഴേക്ക് തളർന്നു. ദിവസവും 12 മണിക്കൂറിലധികം അനങ്ങാതെ ഇരുന്നതോടെ ഡോക്ടർമാർ യുവാവിന്റെ നട്ടെല്ല് വളഞ്ഞതായി കണ്ടെത്തി.
യുവാവിന്റെ രോഗാവസ്ഥ ഡോക്ടർമാർ തന്നെ വിശദീകരിച്ചു. നട്ടെല്ല് വളഞ്ഞതോടെ മൂത്രസഞ്ചിയുടെ നിയന്ത്രണം നഷ്ടമാവുകയും സുഷ്മനാ നാഡി അപകടാവസ്ഥയിലാവുകയും ചെയ്തു. പിന്നാലെ ഒരു വർഷത്തിനുള്ളിൽ സ്‌പൈനൽ ട്യൂബർക്കുലോസിസ് ബാധിച്ചുവെന്നും കണ്ടെത്തി. അപ്പോഴേക്കും യുവാവ് നേരെ നിവർന്നു നിൽക്കാനോ നടക്കാനോ മൂത്രമൊഴിക്കാനോ കഴിയാത്ത അവസ്ഥയിലെത്തിയിരുന്നു.
പ്രശ്നം പരിഹരിക്കാൻ, മെഡിക്കൽ സംഘം യുവാവിന്റെ നട്ടെല്ലിൽ സ്പൈനൽ നാവിഗേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ നടത്തി. സുഷുമ്‌നാ നാഡിയുടെ കംപ്രസ് നീക്കം ചെയ്യുക, നട്ടെല്ലിന്റെ ആകൃതി ശരിയാക്കുക, ഇംപ്ലാന്റുകൾ ഉപയോഗിച്ച് അതിനെ സ്ഥിരപ്പെടുത്തുക എന്നിവയായിരുന്നു ശസ്ത്രക്രിയയുടെ ലക്ഷ്യം. വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം കൗമാരക്കാരൻ സുഖം പ്രാപിച്ച് വരുന്നതായി ഡോക്ടർമാർ അറിയിച്ചു.