അയോദ്ധ്യ: അയോദ്ധ്യ രാംപഥിന്റെ 14 കിലോമീറ്റർ ചുറ്റളവിൽ മദ്യത്തിന്റെയും മാംസത്തിന്റെയും വിൽപ്പന നിരോധിച്ചു. പാൻ, ഗുട്ട്ക, ബീഡി, സിഗരറ്റ്, അടിവസ്ത്രങ്ങൾ എന്നിവയുടെ പരസ്യങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അയോദ്ധ്യ മുനിസിപ്പൽ കോർപ്പറേഷന്റേതാണ് നടപടി.
അയോദ്ധ്യ- ഫൈസാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാന പാതയാണ് രാംപഥ്. നിലവിൽ അയോദ്ധ്യയിൽ മാംസത്തിന്റെയും മദ്യത്തിന്റെയും വിൽപ്പനയക്ക് വിലക്കുണ്ട്. പുതിയ ഉത്തരവോടെ ഫൈസാബാദിലും ഇത് ബാധകമാകും.
ക്ഷേത്ര നഗരത്തിന്റെ യഥാർഥ ആത്മീയ ഭാവം നിലനിർത്തുന്നതിനുവേണ്ടിയാണ് നിരോധനമെന്ന് അയോദ്ധ്യ മേയർ ഗിരീഷ് പതി ത്രിപാഠിയാണ് പറഞ്ഞു.
അയോദ്ധ്യയിലെ സരയു തീരത്ത് നിന്നാണ് രാംപഥ് ആരംഭിക്കുന്നത്. അഞ്ച് കിലോമീറ്ററോളം ദൂരം ഇത് ഫൈസാബാദിലൂടെയാണ് കടന്നുപോകുന്നത്. നിലവിൽ ഈ ഭാഗത്ത് മാംസവും മദ്യവും വിൽക്കുന്ന നിരവധി കടകളുണ്ട്. നിരോധനം നിലവിൽ വരുന്നതോടെ ഇവ അടച്ചുപൂട്ടുകയോ മറ്റിടത്തേക്ക് മാറ്റി സ്ഥാപിക്കുകയോ ചെയ്യും.