മുംബൈ: പ്രതിരോധ മേഖലയിലെ ഓഹരികള്‍ക്ക് ഇന്ത്യയില്‍ പ്രിയമേറി വരികയാണ്. ആയുധങ്ങളും വെടിക്കോപ്പുകളും മുതല്‍ യുദ്ധവിമാനങ്ങള്‍ വരെ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയാണ് രാജ്യത്തെ പ്രതിരോധ കമ്പനികള്‍ക്ക് മേലുള്ള താല്‍പ്പര്യം വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഈയാഴ്ച പ്രതിരോധ കമ്പനികളുടെ ഓഹരി മൂല്യം 10 ശതമാനത്തിലേറെ കുതിക്കുന്നതും കാണാനായി.
ഈ സാഹചര്യത്തില്‍ മികച്ച ലെവലിലുള്ള ഒരു പ്രതിരോധ കമ്പനി നിക്ഷേപകരുടെ മുന്നിലേക്ക് വെക്കുകയാണ് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ നിര്‍മ്മല്‍ ബാങ്. പാരസ് ഡിഫന്‍സ് ആന്‍ഡ് സ്പേസ് ടെക്നോളജീസില്‍ നിക്ഷേപം തുടരാനാണ് നിര്‍മല്‍ ബാങ് നല്‍കുന്ന ശുപാര്‍ശ.
കുതിച്ചത് 660%
2021 ഒക്ടോബര്‍ ഒന്നിന് നിഫ്റ്റിയില്‍ ലിസ്റ്റ് ചെയ്ത പാരസ് ഡിഫന്‍സിന്റെ ലിസ്റ്റിംഗ് പ്രൈസ് 469 രൂപയായിരുന്നു. ഐപിഒ വിലയായ 175 രൂപയില്‍ നിന്ന് 168% ഉയര്‍ന്ന നിരക്കിലാണ് ഓഹരികള്‍ ലിസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ 1347.80 രൂപ നിരക്കിലാണ് പാരസ് നിലയുറപ്പിച്ചിരിക്കുന്നത്. ഐപിഒ വിലയില്‍ നിന്ന് 660 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് കമ്പനി നല്‍കിക്കഴിഞ്ഞു. 5500 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. 1,517 രൂപയാണ് പാരസ് ഡിഫന്‍സിന് നിര്‍മല്‍ ബാങ് നല്‍കുന്ന പുതുക്കിയ ലക്ഷ്യ വില.
ജൈനദൈവത്തിന്റെ പേര്
1980 കളില്‍ ശരദ് ഷാ ആരംഭിച്ച പാരസ് എന്‍ജിനീയറിംഗ് എന്ന കമ്പനി പാരസ് ഡിഫന്‍സ് ആയത് മകന്‍ മുഞ്ജാല്‍ ഷാ എത്തിയതോടെയാണ്. ജൈന തീര്‍ത്ഥങ്കരനായ പാരസ്‌നാഥിന്റെ പേരില്‍ നിന്നാണ് പാരസ് എന്ന പേര് കമ്പനിക്ക് നല്‍കിയത്. റോക്കറ്റുകള്‍, മിസൈലുകള്‍, സ്‌പേസ് റിസര്‍ച്ച്, നേവല്‍ സിസ്റ്റംസ്, ഇലക്ട്രോണിക് വാര്‍ഫെയര്‍, ഡ്രോണുകള്‍, ക്വാണ്ടം കമ്യൂണിക്കേഷന്‍ എന്നിവയ്‌ക്കാവശ്യമായ സാങ്കേതിക ഉപകരണങ്ങളാണ് പാരസ് ഡിഫന്‍സ് നിര്‍മിക്കുന്നത്. ഡിആര്‍ഡിഒ, ഐഎസ്ആര്‍ഒ, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, മസഗോണ്‍ ഡോക്, എച്ച്എഎല്‍, എല്‍ ആന്‍ഡ് ടി, ടാറ്റ തുടങ്ങിയ പ്രമുഖ ക്ലയന്റുകല്‍ക്ക് പാരസ് ഡിഫന്‍സ് ഉപകരണങ്ങള്‍ നല്‍കുന്നു.
മെച്ചപ്പെട്ട സാമ്പത്തിക പ്രകടനം
നാലാം പാദത്തിലെ മികച്ച സാമ്പത്തിക പ്രകടനമാണ് കമ്പനി ഓഹരികള്‍ക്കും കരുത്താകുന്നത്. വാര്‍ഷികാടിസ്ഥാനത്തില്‍ വരുമാനത്തില്‍ 35.8% വര്‍ദ്ധനവുണ്ടായി. ഒപ്റ്റിക്സ് ആന്‍ഡ് ഒപ്ട്രോണിക് സിസ്റ്റംസ് വിഭാഗം ശ്രദ്ധേയമായ വളര്‍ച്ച കാണിച്ചു, മൊത്തം വരുമാനത്തിലേക്ക് 51% സംഭാവന ചെയ്തു. അതേസമയം ഡിഫന്‍സ് എഞ്ചിനീയറിംഗ് വിഭാഗമാണ് ബാക്കി 49% നല്‍കിയത്. കുറഞ്ഞ ഇന്‍പുട്ട് ചെലവുകള്‍ കാരണം പാരസ് ഡിഫന്‍സിന്റെ എബിറ്റ്ഡ (നികുതിക്കും പലിശയ്‌ക്കും മുന്‍പുള്ള വരുമാനം) ഈ പാദത്തില്‍ 131% വാര്‍ഷിക വളര്‍ച്ച നേടി.
പാരസ് ഡിഫന്‍സിന്റെ പോസിറ്റീവ് വരുമാന വീക്ഷണത്തെ നിര്‍മല്‍ ബാങ് അടിവരയിടുന്നു. വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷങ്ങളില്‍ മാര്‍ജിനുകള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം 40-50% വളര്‍ച്ചാ നിരക്കാണ് പ്രവചിക്കുന്നത്.
മികച്ച ഭാവി പദ്ധതികള്‍
270 ബില്യണ്‍ രൂപ ചെലവില്‍ 52 നിരീക്ഷണ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനുള്ള പാരസ് ഡിഫന്‍സിന്റെ പദ്ധതി ഇന്ത്യയുടെ ബഹിരാകാശ നിരീക്ഷണ ശേഷി വര്‍ദ്ധിപ്പിക്കും. ഒപ്റ്റിക്കല്‍ സിസ്റ്റം രൂപകല്‍പ്പനയിലും നിര്‍മ്മാണത്തിലും മികച്ച പ്രാവീണ്യമാണ് കമ്പനിക്കുള്ളത്. അതിന്റെ സമഗ്രമായ കഴിവുകള്‍ കാരണം കമ്പനിയെ ഒരു പ്രധാന കളിക്കാരനായി സ്ഥാപിക്കും. തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായി പാരസ് ഗ്രീന്‍ യുഎവി പ്രൈവറ്റ് ലിമിറ്റഡിലെ മുഴുവന്‍ ഓഹരികളും പാരസ് ഡിഫന്‍സ് അടുത്തിടെ വിറ്റഴിച്ചിരുന്നു.
ഇസ്രായേല്‍ കൂട്ടുകെട്ട്
റാഫേല്‍ ഗ്രൂപ്പിന്റെ ഭാഗമായ ഇസ്രായേല്‍ ആസ്ഥാനമായുള്ള മൈക്രോകോണ്‍ വിഷനുമായി ഒപ്പിട്ട തന്ത്രപരമായ ധാരണാപത്രത്തിലൂടെ ഇന്ത്യയിലെ നൂതന ഡ്രോണ്‍ ക്യാമറ സാങ്കേതികവിദ്യയുടെ എക്സ്‌ക്ലൂസീവ് വിതരണക്കാരനായി പാരസ് ഡിഫന്‍സ് മാറിയിട്ടുണ്ട്. ഈ സഹകരണം ഉയര്‍ന്ന നിലവാരമുള്ള മോഡലുകളുടെ ഇറക്കുമതി ചെലവ് 50-60% കുറയ്‌ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇന്ത്യന്‍ സേനയ്‌ക്കും വാണിജ്യ ആപ്ലിക്കേഷനുകള്‍ക്കുമായി നൂതന നിരീക്ഷണ സാങ്കേതികവിദ്യകള്‍ താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കും.
(ഇതൊരു ഓഹരി വാങ്ങല്‍ ശുപാര്‍ശയല്ല. നിക്ഷേപകര്‍ വേണ്ടത്ര പഠനങ്ങള്‍ നടത്തിയ ശേഷം മാത്രം ഓഹരികളില്‍ നിക്ഷേപിക്കുക)