മുംബൈ: അശ്ലീല ഉള്ളടക്കം സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോയ്ക്കെതിരെ ദേശീയ വനിത കമ്മീഷൻ നടപടി. നടൻ അജാസ് ഖാൻ അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയിലാണ് മത്സരാർത്ഥികളെ കൊണ്ട് അശ്ലീലം ചെയ്യിപ്പിച്ചത്. റിയാലിറ്റി ഷോ സംപ്രേക്ഷണം ചെയ്യുന്ന ഒടിടി പ്ലാറ്റ്ഫോമിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാവ് നിഷികാന്ത് ദുബെ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു.
‘ഉല്ലു’ എന്ന ഒടിടി പ്ലാറ്റ്ഫോമിലാണ് ‘ഹൗസ് അറസ്റ്റ്’ എന്ന് വിവാദ റിയാലിറ്റി ഷോ പ്രദർശിപ്പിക്കുന്നത്. അവതാരകനായ നടൻ അജാസ് ഖാൻ മത്സരാത്ഥികളോട് വിവിധ സെക്സ് പൊസിഷനുകൾ കാണിക്കാൻ നിർബന്ധിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. മത്സരാത്ഥികളുടെ അടിവസ്ത്രം അഴിപ്പിക്കുന്ന രംഗങ്ങളടക്കം വേറെയുമുണ്ട്. ഏപ്രിൽ 29 നാണ് വീഡിയോ ക്ലിപ്പ് പുറത്ത് വന്നത്.
ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് ദേശീയ വനിത കമ്മീഷൻ വിഷയത്തിൽ ഇടപെട്ടത്. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് ദൃശ്യങ്ങളെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. മെയ് 9 ന് ഹാജരാകാൻ ഉല്ലു സിഇഒ വിഭു അഗർവാളിനും അവതാരകൻ അജാസ് ഖാനും കമ്മീഷൻ നോട്ടീസ് നൽകി.















