തിരുവനന്തപുരം: തിരുവനന്തപുരത്ത് വര്‍ക്കലയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. വര്‍ക്കല അയിരൂര്‍ ഇലകമണ്‍ ചാരുകുഴി കുന്നുംപുറം ലക്ഷംവീട്ടില്‍ രാജേഷ് (19) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ഏഴരയോടെയാണ് സംഭവം. കുടുംബാംഗങ്ങളുമൊത്ത് രാജേഷ് വീടിന് മുന്നിൽ ഇരിക്കുകയായിരുന്നു. ഇതിനിടയിലാണ് ശക്തമായ ഇടിമിന്നല്‍ ഉണ്ടായത്. ഇടിമിന്നലേറ്റ് യുവാവ് നിലവിളിച്ചതോടെ കുടുംബാംഗങ്ങള്‍ പെട്ടെന്ന് തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂലിപ്പണി ചെയ്യുന്ന ആളാണ് മരിച്ച രാജേഷ്.
തിരുവനന്തപുരത്ത് ഇന്നലെ ഉച്ചകഴിഞ്ഞു തുടങ്ങിയ മഴപൊടുന്നനെ ഇടി മിന്നലോടുകൂടിയ ശക്തമായ മഴയായി. താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളക്കെട്ടുണ്ടായി പിന്നാലെ നഗരത്തിൽ വാഹനക്കുരുക്കും രൂക്ഷമായി.















