കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിൽ യുപിഎസ് പൊട്ടിത്തെറിച്ച് പുക നിറഞ്ഞ സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
ഇന്നലെ രാത്രി ഏകദേശം എട്ടുമണിയോടെ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നതിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് എന്നാണ് പ്രാഥമിക നിഗമനം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിനോടു ചേര്‍ന്ന യുപിഎസ് റൂമിലാണ് പുക ഉയര്‍ന്നത്. ഇതോടെ അത്യാഹിത വിഭാഗം ബ്ലോക്ക് മുഴുവനായി ഒഴിപ്പിച്ചു. അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങളും പുറത്തേക്ക് മാറ്റി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് ബീച്ച് ആശുപത്രിയിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു ഹെൽപ്പ് ഡെസ്ക് നമ്പർ- 7356657221.















