മംഗളൂരു: ബജരംഗ്‌ദൾ പ്രവർത്തകനായ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെത്തുടർന്ന് മംഗളൂരു ഉൾപ്പെടെ ദക്ഷിണ കന്നഡ ജില്ലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ മെയ് 5 വരെ നീട്ടി.
സുഹാസ് ഷെട്ടിയുടെ വധത്തെത്തുടർന്ന് കലാപഭൂമിയായിരുന്ന മംഗളൂരു പതുക്കെ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ബസ്, ഓട്ടോറിക്ഷ ഗതാഗതം ഇന്ന് രാവിലെ മുതൽ പുനരാരംഭിച്ചു. ദക്ഷിണ കന്നഡ ജില്ലാ പോലീസ് പ്രദേശത്ത് 5-ാം തീയതി വരെ നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ കളക്ടർ മുല്ലൈ മുഗിലൻ ഉത്തരവ് പുറപ്പെടുവിച്ചു.
സുഹാസ് ഷെട്ടി കൊലപാതകക്കേസിൽ ആകെ 8 പ്രതികളെ കസ്റ്റഡിയിലെടുത്തു. സംശയിക്കപ്പെടുന്ന എല്ലാവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതികൾ മംഗലാപുരത്ത് നിന്നുള്ളവരാണെന്നാണ് വിവരം. ദക്ഷിണ കന്നഡ ജില്ലയിൽ നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ അറസ്റ്റിലായത്.
കലാപം രൂക്ഷമായ മംഗളൂരു ഇന്ന് ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര സന്ദർശിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് അദ്ദേഹം പത്രസമ്മേളനം നടത്തി സുഹാസ് ഷെട്ടി കൊലപാതകക്കേസിനെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുമെന്നാണ് സൂചന.
വ്യാഴാഴ്ച രാത്രിയാണ് സുഹാഷ് ഷെട്ടിയെ അക്രമികൾ വെട്ടിക്കൊലപ്പടുത്തിയത്. കൊലയ്‌ക്ക് ശേഷം കുറ്റകൃത്യത്തിന് ഉപയോഗിച്ച സ്വിഫ്റ്റ് കാർ ഉപേക്ഷിച്ച് അവർ ഓടി രക്ഷപ്പെട്ടു. പ്രതികളെ പിടികൂടാൻ മംഗളൂരു പോലീസ് കമ്മീഷണർ അനുപം അഗർവാൾ അഞ്ച് പോലീസ് സംഘങ്ങളെ രൂപീകരിച്ചിരുന്നു.















