കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത വനിതാ ഡോക്ടർ അറസ്റ്റിൽ. ടേക്ക് ഓഫ് കൺസൾട്ടൻസി സിഇഒ കാർത്തിക പ്രദീപാണ് പിടിയിലായത്. എറണാകുളം സെൻട്രൽ പൊലീസ് കോഴിക്കോട് നിന്നാണ് കാർത്തികയെ പിടികൂടിയത്. യുകെ, ഓസ്ട്രേലിയ, ജർമ്മനി അടക്കമുള്ള രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് നൂറുകണക്കിന് ഉദ്യോഗാത്ഥികളെയാണ് തട്ടിപ്പിന് ഇരയാക്കിയത്.
പത്തനംതിട്ട സ്വദേശിനിയായ കാർത്തിക പ്രദീപ് അത്യാഢംബര ജീവിതമാണ് നയിച്ചിരുന്നത്. യുക്രെയ്നിൽ നിന്നും എംബിബിഎസ് നേടിയെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നത്. വിവിധ ആശുപത്രികളിൽ ഡോക്ടറായി ജോലി ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് ഫോളോവേഴ്സുണ്ട്.
ഒരു ഉദ്യോഗാർത്ഥിയിൽ നിന്നും 3 മുതൽ 8 ലക്ഷം രൂപ വരെ കമ്മീഷനായി കൈപ്പറ്റിയെന്ന് പൊലീസ് കണ്ടെത്തി. പണം നഷ്ടപ്പെട്ടവർ പ്രതിഷേധവുമായി എത്തിയതോടെ ഒരുമാസം മുൻപ് സ്ഥാപനം അടച്ചുപൂട്ടി കാർത്തിക മുങ്ങിയിരുന്നു. അഞ്ച് കേസുകളാണ് എറണാകുളം സെൻട്രൽ പൊലീസ് കാർത്തികയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തത്. വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുണ്ടെന്നാണ് വിവരം. ഇവരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.