ബെംഗളൂരു : നടുറോഡിൽ ഒരു കൂട്ടം അക്രമികൾ കൊലപ്പെടുത്തിയ ബജ്‌രംഗ്‌ദൾ പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ കുടുംബത്തിന് കർണാടക ബിജെപി 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കേസിൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം നടത്തണമെന്ന് കർണാടക ബിജെപി പ്രസിഡന്റ് ബി വൈ വിജയേന്ദ്ര ആവശ്യപ്പെട്ടു. മംഗളൂരുവിൽ സുഹാസ് ഷെട്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഹൽഗാം ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറുന്നതിനു മുമ്പാണ് ഹിന്ദു പ്രവർത്തകനായ സുഹാസ് ഷെട്ടിയുടെ ക്രൂരമായ കൊലപാതകം നടന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി ഈ കേസ് ഗൗരവമായി എടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു .
“പോലീസ് വകുപ്പിന്റെ പരാജയം തുടക്കം മുതൽ തന്നെ വ്യക്തമാണ്. പൗരന്മാർക്ക് സംരക്ഷണം നൽകുന്നതിൽ ഇത് വ്യക്തമായ പരാജയമാണ്,”
“സുഹാസിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഞങ്ങൾ തീരുമാനിച്ചു, ഈ ദുഃഖസമയത്ത് അവർക്ക് ഞങ്ങളുടെ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. ബിജെപി നേതാക്കളും പ്രവർത്തകരും അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം നിൽക്കുന്നു”. വിജയേന്ദ്ര പറഞ്ഞു.
കേസിന്റെ ഗൗരവം മനസ്സിലാക്കി സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയോടും ആഭ്യന്തരമന്ത്രി ജി. പരമേശ്വരയോടും വിജയേന്ദ്ര അഭ്യർത്ഥിച്ചു. അന്വേഷണം എൻ.ഐ.എയ്‌ക്ക് കൈമാറണമെന്നും അദ്ദേഹം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കോൺഗ്രസ് സർക്കാരിനു കീഴിൽ ഹിന്ദുക്കൾക്ക് സംരക്ഷണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















