ശ്രീനഗർ: ഭീകരരുടെ ഒളിത്താവളങ്ങൾ തകർത്ത് സുരക്ഷാസേന. കശ്മീരിലെ പൂഞ്ച് വനമേഖലകളിൽ തമ്പടിച്ചിരുന്ന ഭീകരരുടെ ഒളിത്താവളമാണ് സുരക്ഷാസേന തകർത്തത്. സ്ഥലത്ത് നിന്ന് അഞ്ച് ബോംബുകളും കണ്ടെടുത്തിട്ടുണ്ട്.
സൈന്യവും കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു റെയ്ഡ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തെ തുടർന്നാണ് സ്ഥലത്ത് ഓപ്പറേഷൻ നടന്നത്.
പ്രദേശത്ത് പരിശോധന തുടരുകയാണ്. നിലവിൽ 2, 800 ത്തിലധികം ആളുകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബൈസരൺവാലിയിൽ നിന്ന് 40 വെടിയുണ്ടകളും അമേരിക്കൻ നിർമിത അത്യാധുനിക തോക്കുകളും കണ്ടെടുത്തു. ഭീകരരെ സഹായിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
പൂഞ്ച് ഉൾപ്പെടെയുള്ള നിയന്ത്രണരേഖയ്‌ക്ക് സമീപം ഇന്നലെയും പാക് സൈന്യം വെടിയുതിർത്തിരുന്നു. എട്ടിടങ്ങളിലാണ് വെടിവയ്പ് നടന്നത്. കുപ് വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാർ, നൗഷേര, സുന്ദർബാനി, അഖ്നൂർ എന്നിവിടങ്ങളിലായിരുന്നു വെടിവയ്പ്. തുടർച്ചയായി 11 -ാം ദിവസമാണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്.