ന്യൂഡൽഹി: ചെങ്കോട്ടയുടെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് കൊണ്ട് മുഗൾ ഭരണാധികാരിയുടെ കൊച്ചുമകന്റെ വിധവ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി . അവസാന ഭരണാധികാരിയായ ബഹാദൂർ ഷാ സഫർ രണ്ടാമന്റെ കൊച്ചുമകന്റെ ഭാര്യ സുൽത്താന ബീഗമാണ് ചെങ്കോട്ട കൈമാറണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
‘എന്തുകൊണ്ടാണ് ചെങ്കോട്ടയ്‌ക്ക് മാത്രം അവകാശവാദം ഉന്നയിക്കുന്നത്? അക്ബറിന്റെ ഭരണകാലത്ത് മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഫത്തേപൂർ സിക്രി, പതിനേഴാം നൂറ്റാണ്ടിൽ ഷാജഹാൻ നിർമിച്ച താജ്മഹൽ എന്നിവ വേണ്ട?’ ഹർജിക്കാരിയോട് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പരിഹാസ രൂപേണ ചോദിച്ചു.
കൊൽക്കത്തയ്‌ക്ക് സമീപമുള്ള ചെറുപട്ടണമായ ഹൗറയിലാണ് സുൽത്താന ബീഗം താമസിക്കുന്നത്. ചെങ്കോട്ടയുടെ യഥാർത്ഥ ഉടമകൾ മുഗൾ ചക്രവർത്തിമാരാണെന്നും അവരുടെ നേരിട്ടുള്ള പിൻഗാമിയാണ് താനെന്നുമാണ് സുൽത്താന ബീഗത്തിന്റെ അവകാശവാദം.
2021-ലാണ് സുൽത്താന ബീഗം ഇക്കാര്യം ഉന്നയിച്ച് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ചെങ്കോട്ട അല്ലെങ്കിൽ തുല്യമായ പണം എന്നതായിരുന്നു ആവശ്യം. സർക്കാരിൽ നിന്നും ലഭിക്കുന്ന പെൻഷൻ പര്യാപ്തമല്ലെന്നും അവർ വാദിച്ചിരുന്നു. സർക്കാർ ചെങ്കോട്ട ‘നിയമവിരുദ്ധമായി’ കൈവശപ്പെടുത്തിയെന്നും അതിന്റെ മൂല്യത്തിനും അനുസൃതമായി മതിയായ നഷ്ടപരിഹാരം നൽകാൻ തയ്യാറാകാത്തത് ഭരണഘടനയുടെ ആർട്ടിക്കിൾ 300A പ്രകാരമുള്ള തന്റെ മൗലികാവകാശങ്ങളുടെയും ലംഘനമാണെന്നും ആരോപിച്ചിരുന്നു. ഈ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. മൂന്ന് വർഷത്തിന് ശേഷം വിധിക്കെതിരെ അപ്പീൽ നൽകിയെങ്കിലും അതും കോടതി തള്ളി. 1857-ലെ ബ്രിട്ടീഷ് ഭരണകൂടം മുഗളരിൽ നിന്ന് ചെങ്കോട്ട പിടിച്ചെടുത്തത്.















