ന്യൂഡൽഹി: പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന് മറുപടി നൽകുന്നതിനെ കുറിച്ചുള്ള ചർച്ചകൾ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുന്നതിനിടെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. കര,നാവിക, വ്യോമസേന മേധാവികളുമായി ചർച്ച നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി പ്രതിരോധ സെക്രട്ടറിയെ സന്ദർശിച്ചത്. കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് വിവരം.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി പ്രധാനമന്ത്രി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഇന്ത്യൻ പോസ്റ്റിന് നേരെ പാക് സൈന്യത്തിന്റെ വെടിവയ്പ് തുടരുന്നതിനിടെയാണ് നിർണായക കൂടിക്കാഴ്ച.
കര, വ്യോമ, നാവികസേനാ മേധാവികളുമായുള്ള ചർച്ചയിൽ പാകിസ്താനെതിരായ സൈനിക നടപടിയെ കുറിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചു. ഏത് സൈനിക നീക്കത്തിനും സജ്ജമാണെന്ന് മേധാവികൾ പ്രധാനമന്ത്രിയെ അറിയിച്ചു. കേന്ദ്രത്തിന്റെ നിർദേശം ലഭിച്ചാലുടൻ ശക്തമായി തിരിച്ചടിക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യൻ സൈന്യം.
രാജ്യം പ്രതീക്ഷിക്കുന്ന ഉചിതമായ തിരിച്ചടി നൽകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉറപ്പുനൽകി. രാജ്യത്തിന്റെ സുരക്ഷ കാക്കുന്നത് എന്നും നമ്മുടെ സൈനികരാണ്. രാജ്യത്തെ സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധമന്ത്രി എന്ന നിലയിൽ സൈനികരോടൊപ്പം പ്രവർത്തിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. രാജ്യത്തെ ഭീഷണിപ്പെടുത്തുന്നവർക്ക് കൃത്യമായ മറുപടി നൽകേണ്ടത് തന്റെ കടമയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.