അത്യാവശ്യ ഘട്ടത്തിലാണ് വ്യക്തിഗത വായ്പകള്‍ അഥവാ പേഴ്‌സണല്‍ ലോണുകളിലേക്ക് നാം തിരിയുന്നത്. ദൈനംദിന ആവശ്യങ്ങളും അടിയന്തര ആവശ്യങ്ങളുമെല്ലാം വരുമ്പോഴാണ് പലരും പേഴ്‌സണല്‍ ലോണുകളെക്കുറിച്ച് ആലോചിക്കുന്നത്. ശസ്ത്രക്രിയകളോ അപകടങ്ങളോ പോലെയുള്ള അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വായ്പകള്‍ സഹായിക്കുന്നു.
ഒരു ലക്ഷം രൂപയുടെ വ്യക്തിഗത വായ്പ വേണമെന്നിരിക്കട്ടെ, നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈലിന്റെയും നിലവിലെ ക്രെഡിറ്റ് സ്‌കോറിന്റെയും ശക്തിയെ ആശ്രയിച്ചിരിക്കും അത്. നിങ്ങള്‍ക്ക് ക്രെഡിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യത നിര്‍ണ്ണയിക്കാന്‍ ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുന്നു.
”ഒരു ലക്ഷം രൂപയുടെ വ്യക്തിഗത വായ്പ അംഗീകരിക്കുമ്പോള്‍ വായ്പ നല്‍കുന്നവര്‍ സാധാരണയായി 700 അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള ക്രെഡിറ്റ് സ്‌കോര്‍ നോക്കുന്നു. ഉയര്‍ന്ന സ്‌കോര്‍ നല്ല ക്രെഡിറ്റ് യോഗ്യതയെ സൂചിപ്പിക്കുന്നു. വായ്പ അനുവദിച്ചു കിട്ടാനം മെച്ചപ്പെട്ട പലിശ നിരക്കില്‍ ലഭിക്കാനും ഇത് സഹായിക്കുന്നു. ചില വായ്പാദാതാക്കള്‍ കര്‍ശനമായ നിബന്ധനകളോടെ കുറഞ്ഞ സ്‌കോറുകള്‍ പരിഗണിച്ചേക്കാം.” നിയോക്രെഡിന്റെ സഹസ്ഥാപകനായ രോഹിത് റെജി പറയുന്നു.
വായ്പകള്‍ അനുവദിക്കുന്നതിന് ക്രെഡിറ്റ് സ്‌കോറിന് പുറമെ മറ്റ് മാനദണ്ഡങ്ങളും ബാങ്കുകള്‍ പരിശോധിക്കാറുണ്ട്. മുന്‍കാല പേമെന്റ് ചരിത്രം, മുമ്പ് വായ്പാ തിരിച്ചടവില്‍ ഏതെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടോ എന്നത്, മൊത്തം കടവും വരുമാന അനുപാതവും, വരുമാനത്തിന്റെയും തൊഴിലിന്റെയും സ്ഥിരത എന്നിവയാണവ.
ഇന്ത്യയില്‍ ക്രെഡിറ്റ് സ്‌കോറുകള്‍ 300 മുതല്‍ 900 പോയന്റ് വരെയാണ്. ഉയര്‍ന്ന സ്‌കോര്‍ മികച്ച ക്രെഡിറ്റ് ആരോഗ്യത്തെയും വ്യക്തിഗത വായ്പ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് അംഗീകാരത്തിനുള്ള ഉയര്‍ന്ന സാധ്യതയെയും സൂചിപ്പിക്കുന്നു. 750 അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള സ്‌കോര്‍ പൊതുവെ സ്വീകാര്യമാണ്. അത് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. ഈ സ്‌കോര്‍, ന്യായമായ നിബന്ധനകളോടെ വായ്പാ അംഗീകാരത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
വായ്പാ അംഗീകാരത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍
സ്ഥിരമായ വരുമാനം നിങ്ങളുടെ തിരിച്ചടവ് കഴിവ് ഉറപ്പാക്കുന്നു. ശമ്പളം ലഭിക്കുന്ന വ്യക്തികള്‍ക്കും വര്‍ഷങ്ങളായി സ്ഥിരമായ വരുമാനമുള്ള സ്വയം തൊഴില്‍ ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കും മുന്‍ഗണന ലഭിക്കും. മുന്‍കാല വീഴ്ചകള്‍, പോലീസ് കേസുകള്‍ തുടങ്ങിയ പ്രതികൂല രേഖകളില്ലെന്നത് അനുകൂലമാണ്. അപേക്ഷകര്‍ സാധാരണയായി 21 നും 60 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
കുറഞ്ഞ കടവും വരുമാന അനുപാതവും വ്യക്തിഗത വായ്പ അംഗീകാരത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍
നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന നിലവാരത്തിന് താഴെയാണെങ്കില്‍, തീര്‍ച്ചയായും അത് ഉയര്‍ത്താനുള്ള മാര്‍ഗങ്ങള്‍ തേടണം. എല്ലാ പ്രതിമാസ ഇഎംഐകളും ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികകളും നിശ്ചിത സമയത്തിനുള്ളില്‍ അടയ്‌ക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ ഏതെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ വേഗം അത് തിരിച്ചറിഞ്ഞ് പരിശോധിക്കുക, തിരുത്തുക. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ സംരക്ഷിക്കാന്‍ സഹായിക്കും.
ഓരോ ക്രെഡിറ്റ് അപേക്ഷയും (ഒരു വ്യക്തിഗത വായ്പാ അപേക്ഷ അല്ലെങ്കില്‍ ഒരു പുതിയ ക്രെഡിറ്റ് കാര്‍ഡ്) നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈലില്‍ കാര്യമായ അന്വേഷണത്തിന് കാരണമാകുമെന്ന് മനസിലാക്കുക. ഇത് നിങ്ങളുടെ സ്‌കോര്‍ കുറയ്‌ക്കുന്നതിനും നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈലിന് കേടുപാടുകള്‍ വരുത്തുന്നതിനും സാധ്യതയുണ്ട്.
750 ല്‍ കൂടുതലുള്ള ക്രെഡിറ്റ് സ്‌കോര്‍, ഏതെങ്കിലും പ്രമുഖ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 1 ലക്ഷം രൂപ വ്യക്തിഗത വായ്പ നേടുന്നതിന് സുരക്ഷിതമായ ഒരു നിലവാരമായി കണക്കാക്കാമെന്ന് നിഗമനം ചെയ്യാം. ബജാജ് ഫിനാന്‍സ് 685 പോയന്റ് ക്രെഡിറ്റ് സ്‌കോറിനും എച്ച്ഡിഎഫ്‌സി ബാങ്കും കൊട്ടാക് മഹീന്ദ്ര ബാങ്കും 720 ന് മുകളിലുള്ള സ്‌കോറിനും വായ്പകള്‍ നല്‍കുന്നുണ്ട്.















