ലണ്ടന്‍: ഊര്‍ജ്ജ, സുസ്ഥിര മേഖലകളിലെ മികച്ച ബിസിനസിനുള്ള യുകെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ഇറാം ഹോള്‍ഡിംഗിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദിന് സമ്മാനിച്ചു. കവന്‍ട്രിയിലെ റെഡ് റോസ് അരീനയില്‍ നടന്ന ശ്രീനാരായണ ഗുരു ഹാര്‍മണി 2025 ആഗോള സമ്മേളനത്തില്‍ ലണ്ടന്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ അലക്‌സ് ഗത്തേയാണ് അവാര്‍ഡ് നല്‍കിയത്.
ശിവഗിരി ആശ്രമം യുകെ, ശിവഗിരി മഠവുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്. ശ്രീനാരായണ ഗുരുവിന്റെ ചരിത്രപ്രസിദ്ധമായ സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിനായി ആഗോള നേതാക്കളും പണ്ഡിതന്മാരും ആത്മീയ ചിന്തകരും സമ്മേളനത്തില്‍ ഒരുമിച്ചു ചേര്‍ന്നു. അവാര്‍ഡ് ദാന ചടങ്ങില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപി, യുകെ ശിവഗിരി ആശ്രമം പ്രസിഡന്റ് ബൈജു പാലക്കല്‍ എന്നിവരും പങ്കെടുത്തു.
ശ്രീ നാരായണ ഗുരു ഹാര്‍മണി 2025, ഗുരുവിന്റെ കാലാതീതമായ ഐക്യം, സമത്വം, ആത്മീയ പ്രബുദ്ധത എന്നീ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ്. മൂന്ന് ദിവസത്തെ പരിപാടിയില്‍ മതാന്തര സംവാദങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, സുസ്ഥിര വികസനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവ ഉള്‍പ്പെടുന്നു.















