വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും വിജയിയായ നിക്ഷേപകന്‍ വാറന്‍ ബഫറ്റ് 94 ാം വയസില്‍ വിരമിക്കുകയാണ്. കടക്കെണിയില്‍ പെട്ടുകിടന്ന വെറുമൊരു ടെക്‌സ്റ്റൈല്‍ കമ്പനിയായ ബെര്‍ക്ക്‌ഷെയര്‍ ഹതാവേയെ 1.16 ട്രില്യണ്‍ ഡോളര്‍ (97 ലക്ഷം കോടി രൂപ) ആസ്തിയുള്ള നിക്ഷേപക കമ്പനിയായി വളര്‍ത്തിയ സാമ്പത്തിക മാന്ത്രികനാണ് ബഫറ്റ്. ഓഹരി വിപണികളിലെ തന്ത്രപരമായ നിക്ഷേപത്തിലൂടെ ബഫറ്റ് ബെര്‍ക്ക്‌ഷെയറിനെ നയിച്ചു. ആറ് പതിറ്റാണ്ടു കാലം ലോകത്തെ ത്രസിപ്പിച്ച നിക്ഷേപകനായി നിലകൊണ്ടു.
നിലവില്‍ കമ്പനിയുടെ ഇന്‍ഷുറന്‍സ് ഇതര പ്രവര്‍ത്തനങ്ങളുടെ വൈസ് ചെയര്‍മാനായ ഗ്രെഗ് ആബെലാണ് ബഫറ്റിന്റെ പിന്‍ഗാമി. 62 കാരനായ ആബെല്‍ 2026 ജനുവരി 1 ന് സിഇഒ ആയി ചുമതലയേല്‍ക്കും. ബെര്‍ക്ക്ഷെയര്‍ ഹതാവേയുടെ ബോര്‍ഡ് ബഫറ്റിന്റെ ഈ നിര്‍ദേശത്തെ അനുകൂലിച്ച് ഏകകണ്ഠമായി വോട്ട് ചെയ്തു.
വാറന്‍ ബഫറ്റ് കമ്പനിയുടെ ചെയര്‍മാനായി തുടരും. നോണ്‍-എക്സിക്യൂട്ടീവ് തലത്തില്‍ കമ്പനിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത് ബഫറ്റ് തുടരുമെന്ന് ബെര്‍ക്ക്‌ഷെയര്‍ സ്ഥിരീകരിച്ചു. നിക്ഷേപകരുടെ ആത്മവിശ്വാസം നിലനിര്‍ത്താനുദ്ദേശിച്ചാണ് ഇത്. ഡെയറി ക്യൂന്‍, സീസ് കാന്‍ഡീസ്, അമേരിക്കന്‍ എക്‌സ്പ്രസ്, ആപ്പിള്‍, കൊക്ക കോള, ബാങ്ക് ഓഫ് അമേരിക്ക തുടങ്ങിയ വമ്പന്‍ കമ്പനികളില്‍ ഗണ്യമായ നിക്ഷേപം ബെര്‍ക്ക്‌ഷെയറിനുണ്ട്.
കമ്പനി പ്രവര്‍ത്തനങ്ങളിലും മൂലധന വിന്യാസത്തിലും ആബെലിന് പൂര്‍ണ്ണ അധികാരം ഉണ്ടായിരിക്കുമെന്ന് ബഫറ്റ് ഊന്നിപ്പറഞ്ഞു. ആറ് പതിറ്റാണ്ടായി ബഫറ്റ് നയിച്ചിരുന്ന കമ്പനിയില്‍ ദീര്‍ഘകാലമായി പ്രതീക്ഷിക്കുന്ന നേതൃമാറ്റമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.















