തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം മേയ് 21ന് പ്രഖ്യാപിക്കും. ഹയർ സെക്കണ്ടറി പരീക്ഷകളുടെ മൂല്യ നിർണയം പൂർത്തിയായതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ആകെ 4,44,707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്‌ക്ക് രജിസ്റ്റർ ചെയ്തത്. നിലവിൽ ടാബുലേഷൻ പ്രവർത്തികൾ പുരോഗമിക്കുകയാണ്. മേയ് 14 ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും. വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലവും അതേ ദിവസം പ്രസിദ്ധീകരിക്കും.
ഒന്നാം വർഷ ഹയർ സെക്കൻണ്ടറി പരീക്ഷയുടെ മൂല്യനിർണയം നടന്നു വരികയാണ്. 4,13,589 വിദ്യാർത്ഥികളാണ് പ്ലസ് വൺ പരീക്ഷയ്‌ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ മാസം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
മേയ് 14 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 20 ആണ്. ജൂൺ 18 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും.
ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ
ട്രയൽ അലോട്ട്‌മെന്റ് തീയതി : മേയ് 24
ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂൺ 2
രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂൺ 10
മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂൺ 16















