ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യയുടെ സൈനിക നടപടി-ഓപ്പറേഷൻ സിന്ദൂർ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുന്നത് ഇന്ത്യൻ സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥർ. വിംഗ് കമാൻഡർ വ്യോമിക സിംഗ്, കേണൽ സോഫിയ ഖുറേഷി എന്നിവരാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കൊപ്പം മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നത്.
ബ്രീഫിംഗ് നയിക്കാൻ രണ്ട് വനിതാ ഓഫീസർമാരെ തിരഞ്ഞെടുത്തത് പ്രതീകാത്മകമാണ്. ഇത് നീതി നടപ്പാക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ മാത്രമല്ല, ഭീകരാക്രമണത്തിൽ വിധവകളായ സ്ത്രീകളെ ആദരിക്കുന്നതിന്റെയും ഭാഗമായാണ്.
സിന്ദൂർ അഥവാ സിന്ദൂരം എന്നത് വിവാഹിതരായ ഹിന്ദു സ്ത്രീകളുടെ അടയാളമാണ്. കൂടാതെ ഇത് ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന കൂട്ടക്കൊലയെ പരാമർശിക്കുന്നതുമാണ്. പഹൽഗാം ആക്രമണത്തിൽ മധുവിധു ആഘോഷിക്കാനെത്തിയ നവദമ്പതികളെപ്പോലും ഭീകരർ വെറുതെ വിട്ടിരുന്നില്ല. വിവാഹിതരായ പുരുഷന്മാരെയടക്കം എല്ലാവരെയും മതത്തിന്റെ അടിസ്ഥാനത്തിൽ വേർപെടുത്തി ഭീകരർ വെടിവച്ച് കൊലപ്പെടുത്തി. ആക്രമണത്തിൽ വിധവകളായ സ്ത്രീകൾക്കുള്ള ആദര സൂചകമായാണ് പ്രധാനമന്ത്രി സൈനിക നടപടിക്ക് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നൽകിയത്.
പുലർച്ചെ നടത്തിയ ആക്രമണങ്ങളിൽ കൃത്യതയുള്ള മിസൈലുകളും വെടിക്കോപ്പുകൾ ഉപയോഗിച്ച്, കരസേന, നാവികസേന, ഇന്ത്യൻ വ്യോമസേന (IAF) എന്നീ മൂന്ന് സേനകൾ സംയുക്തമായാണ് ആക്രമണം നടത്തിയത്. പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് തകർത്തു.