ന്യൂഡൽഹി: ഇന്ത്യൻ സേനാശക്തിയുടെ വിളംബരമായി ഓപ്പറേഷൻ സിന്ദൂർ. 2016 ലെ ഉറി, 2019 ൽ ബലാക്കോട്ട് അടക്കം നിരവധി തിരിച്ചടികൾ പാകിസ്താന് ഇന്ത്യൻ സൈന്യം നൽകിയിട്ടുണ്ടെങ്കിലും ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ഓപ്പറേഷൻ സിന്ദൂർ. ദൗത്യം കനത്ത പ്രഹരമാണ് പാകിസ്താന് നൽകിയത്.
2019ൽ ജെയ്ഷെ മുഹമ്മദിന്റെ ഒരു ജിഹാദി സ്കൂൾ മാത്രമാണ് ഇന്ത്യ തകർത്തത്. 2016ൽ പിഒകെയിലെ ഏതാനും കേന്ദ്രങ്ങളിൽ മാത്രമായിരുന്നു സർജിക്കൽ സ്ട്രൈക്ക്. എന്നാൽ ഓപ്പറേഷൻ സിന്ദൂറിൽ ഭീകരസംഘടനകളുടെ 9 ആസ്ഥാനങ്ങളാണ് ഇന്ത്യൻ സൈന്യം ചാമ്പലാക്കിയത്.
പ്രതിരോധ- രഹസ്യാന്വേഷണ വിഭാഗവും സംയുക്തമായാണ് ഓപ്പറേഷനെ വിജയത്തിലെത്തിച്ചത്. തകർത്ത 9 ഭീകരകേന്ദ്രങ്ങളും ദീർഘനാളായി ഇന്ത്യൻ ഇന്റലിജസിന്റെ നീരീക്ഷണത്തിലായിരുന്നു. അതിനാൽ തന്നെ ആക്രമണരീതി, ആയുധങ്ങൾ, സമയം എന്നിവയെ കുറിച്ച് ക്യത്യമായ ധാരണ സൈന്യത്തിന് ലഭിച്ചു. പാക് അതിർത്തിയിൽ നിന്നും 100കിലോ മീറ്റർ ഉള്ളിലാണ് ഭീകരുടെ താവളങ്ങൾ സ്ഥിതി ചെയ്തിരുന്നത്. എന്നാൽ ഓപ്പറേഷൻ ആരംഭിച്ച് അര മണിക്കൂറിനുള്ളിൽ എല്ലാ മിസൈലുകളും നിശ്ചിത ലക്ഷ്യങ്ങളിൽ പതിച്ചു.
മുൻപ് നടന്ന സർജിക്കൽ സ്ട്രൈക്കുകളിൽ തെളിവുകൾ ചോദിച്ച് പലരും രംഗത്തെത്തിയിരുന്നു. മാത്രമല്ല വ്യോമാക്രണം നടന്നിട്ടില്ലെന്നായിരുന്നു പാകിസ്താന്റെ വാദം. എന്നാൽ ഓപ്പറേഷൻ സിന്ദൂറിന്റെ കാര്യത്തിൽ ഇത്തരം കള്ളക്കഥകളൊന്നും പാകിസ്താന് ഉയർത്താൻ കഴിയില്ല. കാരണം കൃത്യമായ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് ദൗത്യത്തിന്റ വിവരങ്ങൾ ഇന്ത്യ പുറത്ത് വിട്ടത്. അതുകൊണ്ട് തന്നെയാണ് തിരിച്ചടി കിട്ടിയെന്ന് പാകിസ്താൻ ഇത്രവേഗം സമ്മതിക്കേണ്ടി വന്നത്. ഇത്തരം ഓപ്പറേഷനുകൾക്ക് തെളിവ് ചോദിക്കുന്ന ചെറിയൊരു ശതമാനം ഭാരതത്തിലുമുണ്ട്. അവർക്കുള്ള മുഖമടച്ച മറുപടി കൂടിയാണ് ഇത്തവണത്തെ ദൗത്യം.
ഇന്ത്യ തകർത്തെറിഞ്ഞ ഭീകര ഫാക്ടറികൾ
1. മർകസ് സുബ്ഹാൻ അല്ലാഹ്, ബഹവൽപൂർ – ജെയ്ഷെ മുഹമ്മദ്
2. മർകസ് തയ്ബ, മുരിദ്കെ – ലഷ്കർ ഇ തൊയിബ
3. സർജൽ, തെഹ്‌റ കലാൻ – ജെയ്ഷെ മുഹമ്മദ്
4. മെഹ്‌മൂന ജോയ, സിയാൽകോട്ട്- ഹിസ്ബുൾ മുജാഹിദ്ദിൻ
5. മർകസ് അഹ്‌ലെ ഹദീസ്, ബർണാല -ലഷ്കർ ഇ തൊയിബ
6. അബ്ബാസ് കോട്‌ലി – ജെയ്ഷെ മുഹമ്മദ്
7 മുസാഫറാബാദ് – ലഷ്കർ ഇ തൊയിബ
9. സയ്യിദ്‌ന ബിലാൽ ക്യാമ്പ്, മുസാഫറാബാദ് – ജെയ്ഷെ മുഹമ്മദ്