ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ജെയ്‌ഷെ തലവൻ മസൂദ് അസറിന്റെ സഹോദരി അടക്കം 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി വിവരം. പാക് മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നാല് സഹായികളും കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ അസ്ഹറിന്റെ മൂത്ത സഹോദരിയും ഭർത്താവും ഉൾപ്പെടുന്നതായി ജെയ്‌ഷെ മേധാവിയുടെ പ്രസ്താവന ഉദ്ധരിച്ച് ബിബിസി ഉറുദു റിപ്പോർട്ട് ചെയ്തു.
ജെയ്ഷെ ആസ്ഥാനമായ ബഹവൽപൂരിലെ മർകസ് സുബ്ഹാൻ അല്ലാഹിലാണ് മസൂദിന്റെ കുടുംബം താമസിച്ചത്. 18 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ ക്യാമ്പ് ഉസ്മാൻ-ഒ-അലി കാമ്പസ് എന്നും അറിയപ്പെടുന്നു. പാക് അതിർത്തിയിൽ നിന്നും 100 കിലോമീറ്റർ അകലയൊണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. പാക് സൈന്യത്തിന്റെ സംരക്ഷണയിലാണ് സ്ഥലം.
പാകിസ്താനിലെ പന്ത്രണ്ടാമത്തെ വലിയ നഗരമാണ് ബഹവൽപൂർ. ലാഹോറിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
സാറ്റലെറ്റ് ചിത്രങ്ങളിൽ സുബ്ഹാൻ അല്ലാഹ് ക്യാമ്പ് ഇപ്പോൾ വെറും അവശിഷ്ട കുമ്പാരമാണ്. ഇവിടത്തെ മസ്ജിദ് ഏതാണ്ട് പൂർണ്ണമായും തകർന്നതായും കാണാം.
ഭീകര പരിശീല കേന്ദ്രം കൂടിയാണ് മർകസ് സുബ്ഹാൻ അല്ലാഹ് . റിക്രൂട്ട് ചെയ്യുന്ന യുവാക്കളെ ഇവിടെ എത്തിച്ചാണ് മതമൗലികവാദം കുത്തിവെച്ച് ആയുധ പരീശീലനം നൽകി ഭീകരൻമാരാക്കി മെരുക്കിയെടുക്കുന്നത്. മസൂദ് അസർ ഇവിടെ സ്ഥിരം എത്താറുണ്ടെന്ന് സൈന്യം വാർത്ത കുറിപ്പിൽ വ്യക്തമാക്കി.















