പഹല്‍ഗാം സൂത്രധാരന്‍ സജ്ജാദ് ഗുല്‍ പഠിച്ചത് കേരളത്തില്‍

Published by
Janam Web Desk

ന്യൂഡൽഹി: 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ഷെയ്ക് സജ്ജാദ് ഗുല്‍ കേരളത്തിലെത്തിയിരുന്നതായി റിപ്പോര്‍ട്ട്. ഭീകര സംഘടനയായ ദി റസിസ്റ്റന്‍റ് ഫ്രണ്ടിന്‍റെ (ടിആർഎഫ്) തലവനാണ് ഇയാൾ. പഠന സമയത്താണ് ഇയാള്‍ കേരളത്തിലുണ്ടായിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്താനിലെ റാവില്‍പിണ്ടിയില്‍ കന്റോൺമെന്റ് ടൗണില്‍ ലഷ്കറെ തയ്ബയുടെ സഹായത്തോടെ ഒളിവില്‍ കഴിയുകയാണ് ഗുല്‍ എന്നാണ് വിവരം. സജ്ജാദ് അഹമ്മദ് ഷെയ്ഖ് എന്നും അറിയപ്പെടുന്ന ഇയാള്‍ 2020 നും 2024 നും ഇടയില്‍ സെന്‍ട്രല്‍ കശ്മീരിലും, തെക്കന്‍ കശ്മീരിലും നടന്ന ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ്.

2023 ല്‍ സെന്‍ട്രല്‍ കശ്മീരില്‍ നടന്ന ഗ്രനേഡ് ആക്രമണം, അനന്ത്നാഗിലെ ബിജ്ബെഹ്രയിൽ ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം, ഗംഗീറിലെ ഗണ്ടർബലിലെ ഇസഡ്-മോർ ടണൽ ആക്രമണം എന്നിവ ഗുല്ലിന്‍റെ ആസൂത്രണത്തില്‍ നടന്നവയാണ്. 2022 ല്‍ എന്‍ഐഎ ഇയാളുടെ തലയ്‌ക്ക് 10 ലക്ഷം വിലയിട്ടിരുന്നു.

പഠനകാലത്താണ് ഗുല്‍ കേരളത്തിലെത്തുന്നത്. കേരളത്തില്‍ ലാബ് ടെക്നീഷ്യന്‍ കോഴ്സ് ചെയ്തിരുന്നു. പഠനത്തിന് ശേഷം കശ്മീരിൽ തിരിച്ചെത്തിയ ഗുല്‍ ലാബ് ആരംഭിക്കുകയും ഭീകരസംഘടനകള്‍ക്ക് സഹായം ചെയ്തിരുന്നു.

2002 ല്‍ ഭീകരസംഘടനകളുടെ ഭാഗമായി ജോലി ചെയ്യുന്നതിനിടെ നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ച് അഞ്ച് കിലോ ആര്‍ഡിഎക്സുമായി ഗുല്ലിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയില്‍ സ്ഫോടന പരമ്പര നടത്താൻ ലക്ഷ്യമിട്ടുള്ള നീക്കമായിരുന്നു ഗുല്‍ നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 2003 ഓഗസ്റ്റ് 7 ന് 10 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ഗുല്‍ 2017 ലാണ് ജയില്‍ മോചിതനായത്.

Share
Leave a Comment