ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വെല്ലുവിളി ഇസ്ലാമിക തീവ്രവാദമാണെന്നും തിരിച്ചറിയാൻ വൈകുവോളം പ്രതിരോധം അസാധ്യമാകുന്ന വൈറസാണെന്നും ദീപിക പത്രത്തിന്റെ എഡിറ്റോറിയൽ. ലോകസമാധാനം കെടുത്തുന്ന ഇസ്‌ലാമിക തീവ്രവാദത്തിന്റെ ഏഷ്യൻ പാചകപ്പുരകളിൽ ചിലതാണ് ഇന്ത്യ പൊളിച്ചുകളഞ്ഞത്. ഇതു കേവലം ഇന്ത്യ-പാക്കിസ്ഥാൻ പ്രശ്‌നമല്ല, ആഗോളഭീകരവിരുദ്ധതയ്‌ക്ക് ഇന്ത്യയുടെ സംഭാവനയാണ്. പട്ടാപ്പകൽ സിന്ദൂരം ചോദിച്ചെത്തിയവർക്ക് പാതിരാത്രിയിൽ ഇന്ത്യ സിന്ദൂരച്ചെപ്പുകൾ എത്തിച്ചുകൊടുത്തിരിക്കുന്നു. അടങ്ങുന്നില്ലെങ്കിൽ ഒരു ഹോളിതന്നെ സമ്മാനിക്കാം.
പാക്കിസ്ഥാനെ പിന്തുണയ്‌ക്കുന്ന തുർക്കി ആധുനിക യുഗത്തിലും ഇസ്ലാമിക തീവ്രവാദത്തിന്റെ ഖലീഫ ഭരണം തിരികെ കൊണ്ടുവരാൻ വിയർ പ്പൊഴുക്കുന്ന രാജ്യമാണ്. ഭീകരവാദികൾ വിനോദയാത്രികരെ കൊന്നത് തങ്ങളുടെ മതത്തിൽപ്പെട്ടവരല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ്. കൺമുന്നിൽ ഭർത്താക്കന്മാരെ കൊന്ന് സ്ത്രീകളെ ജീവച്ഛവങ്ങളാക്കുകയായിരുന്നു. മതഭ്രാന്തിന് മാത്രം സാധിക്കുന്ന ക്രൂരത! ഇന്ത്യ കണ്ണീർവാർത്തെങ്കിലും ആത്മവിശ്വാസം കൈവിട്ടില്ല.
ഭീകരവാദികളെ പാലൂട്ടി വളർത്തിയ പാകിസ്താന്റെ കരണത്തടിക്കാൻ ഇന്ത്യ മുന്നിലിറക്കിയത് രണ്ടു വനിതകളെ. മതഭ്രാന്തിൽ പൂത്തുലയുന്ന മരണാന്തര സൗഭാഗ്യങ്ങളുടെ പച്ചില കാണിച്ച് നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് പൗരന്മാരെ ആട്ടിത്തെളിക്കുന്ന ഭീകരവാദികളുടെ സംരക്ഷണകേന്ദ്രമാണ് പാകിസ്താൻ. ഇസ്ലാമിക ഭീകരകേന്ദ്രങ്ങൾ ലോകത്തെവിടെ തകർത്താലും അത് സുസ്ഥിര സമാധനത്തിന് വേണ്ടിയാണന്നും മുഖ പ്രസംഗം അടിവരയിടുന്നു.















