ഭാരതത്തിനെതിരെ ജിഹാദ് നടത്തണമെന്ന ആഹ്വാനവുമായി ഭീകരസംഘടനയായ അൽ ഖ്വയ്ദ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയ്ദ വിഭാഗത്തിന്റെത് എന്ന തരത്തിലാണ് സന്ദേശം പുറത്ത് വന്നിരിക്കുന്നത്. ആഗോള തലത്തിൽ അപ്രസക്തമായ ഭീകരസംഘടനയാണ് അൽ ഖ്വയ്ദ. ഇപ്പോഴും അവശേഷിക്കുന്നു എന്ന് വരുത്തി തീർക്കാനാണ് ഇത്തരം ഒരു നീക്കം എന്നാണ് വിലയിരുത്തൽ.
വർഗീയവും ദേശവിരുദ്ധവുമായ വാചകങ്ങളാണ് സന്ദേശത്തിലുള്ളത്. ഹിന്ദുത്വ ഭരണകൂടത്തിനെതിരെ വിശുദ്ധ യുദ്ധത്തിന് ഇറങ്ങണം, മുസ്ലിങ്ങൾക്കെതിരായ ആക്രമണമാണ് ഇന്ത്യ നടത്തിയത് എന്ന തരത്തിലാണ് ഇംഗ്ലീഷിലും ഉർദുവിലുമുള്ള ഭീകരസംഘടനയുടെ വാർത്താ കുറിപ്പ് . സംഘടന അപ്രസക്തമാണെങ്കിലും കേന്ദ്ര ഏജൻസികൾ അതീവ ഗൗരവത്തോടെയൊണ് ആഹ്വാനത്തെ നോക്കികാണുന്നത്. കഴിഞ്ഞ ദിവസം ജെയ്ഷെ തലവൻ മസൂദ് അസറും വാർത്ത കുറിപ്പ് പുറത്ത് വിട്ടിരുന്നു.
പാകിസ്താനിലെ ഭീകര സംഘടനകൾക്ക് കടുത്ത ആഘാതമാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നൽകിയതെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം പ്രസ്താവനകൾ. ഭീകരരെ മുൻനിർത്തിയുള്ള നിഴൽയുദ്ധമാണ് പാകിസ്താൻ പതിറ്റാണ്ടുകളായി ഇന്ത്യയ്‌ക്കെതിരെ നടത്തുന്നത്. പാക് സൈന്യത്തിന്റെ അനുമതിയില്ലാതെ ഒരു ഭീകരന് പോലും നുഴഞ്ഞുകയറാൻ കഴിയില്ല. പഹൽഗാം ഭീകരാക്രമണം ആസൂത്രണം ചെയ്തത് ഐഎസിന്റെ നിർദ്ദേശത്തോടെയാണ് എന്ന വിവരവും പുറത്ത് വന്നിരുന്നു.