ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവ ഇൻഫ്ലുവൻ മരിച്ചു. ബ്രസീലിയൻ സോഷ്യൽ മീഡിയതാരം വലേറിയ പന്തോജയാണ് മരിച്ചത്. 27 വയസ്സായിരുന്നു. ബോട്ടോക്സ്. ഫില്ലർ തുടങ്ങിയ സൗന്ദര്യ ചികിത്സകളുടെ പ്രചാരകയായിരുന്നു യുവതി. കൂടാതെ കോസ്മറ്റോളജിയിൽ ബിരുദാനന്തര ബിരുദധാരിയുമാണ്. സൈക്കോളജിസ്റ്റായും പ്രവർത്തിച്ചിരുന്നു.
ദിവസങ്ങൾക്ക് മുൻപാണ് വലേറിയ വണ്ണം കുറയ്‌ക്കാനുള്ള ബാരിയാട്രിക് സർജറിക്ക് വിധേയയായത്. സുഖം പ്രാപിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. ശസ്ത്രക്രിയയിലുണ്ടായ പിഴവാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വലേറിയയുടെ പ്രേരണയാൽ നിരവധി പേർ കോസ്മറ്റിക്ക് സര്‍ജറി നടത്തിയിരുന്നു. യുവതിടെ മരണം ആരാധകരെ നിരാശരാക്കി എന്നാണ് ബ്രസീലിയൻ മാദ്ധ്യമ റിപ്പോർട്ടിലുള്ളത്. മരണത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. “അവൾ ആത്മഹത്യ ചെയ്തിട്ടില്ല! അവൾ പടികളിൽ നിന്ന് വീണില്ല! കാരണം ഇപ്പോഴും ഞങ്ങൾക്ക് അറിയില്ല, പോസ്റ്റ്‌മോർട്ടത്തിന് ശേഷം എല്ലാ വ്യക്തമാകും! ബാരിയാട്രിക് സർജറിക്ക് ശേഷം അവൾ വളരെ ക്ഷീണിതയായിരുന്നു, പുലർച്ചെയാണ് ജീവൻ നഷ്ടപ്പെട്ടത്, ദയവായി നുണകൾ പ്രചരിപ്പിക്കുന്നത് നിർത്തുക!” കുടുംബം അഭ്യർത്ഥിച്ചു.