ന്യൂഡൽഹി: രാജ്യത്തെ 8,000 എക്സ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ കർശന നിർദേശം നൽകി കേന്ദ്രസർക്കാർ. ദേശവിരുദ്ധതയും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നത്. അന്തർദേശീയ വാർത്താമാദ്ധ്യമങ്ങളും പ്രമുഖ എക്സ് അക്കൗണ്ടുകളും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
നിർദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു. അതേസമയം, ബ്ലോക്ക് ചെയ്യാനുള്ള കാരണം സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്ന് ചില ഉപയോക്താക്കൾ പറയുന്നു. ഉത്തരവ് അനുസരിക്കാത്തവർക്ക് പിഴയും ജീവനക്കാർക്ക് തടവുശിക്ഷ ഉൾപ്പെടെയുള്ള നിയമനടപടികളും സ്വീകരിക്കേണ്ടിവരുമെന്ന് സർക്കാർ വ്യക്തമാക്കി.
പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. പഴയ ദൃശ്യങ്ങൾ ഉൾപ്പെടെ സമുഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യപ്പെട്ടു. കൂടാതെ പാകിസ്താനിൽ നിന്നും വ്യാജപ്രചരണമുണ്ടായിരുന്നു. ഇതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് സർക്കാർ നീങ്ങിയത്.















