ആലപ്പുഴ: സ്വർണത്തിനൊപ്പം ഇമിറ്റേഷൻ ആഭരണങ്ങളും അണിയിച്ചെന്ന് വരന്റെ വീട്ടുകാരുടെ അധിക്ഷേപത്തെ തുടർന്ന് വധു വിവാഹത്തിൽനിന്ന് പിന്മാറി.ആലപ്പുഴ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. രണ്ടുവർഷം മുൻപായിരുന്നു വിവാഹനിശ്ചയം. വ്യാഴാഴ്ച ഹരിപ്പാടിനടുത്തുള്ള ക്ഷേത്രത്തിലാണ് വിവാഹം തീരുമാനിച്ചിരുന്നത്.
വിവാഹത്തിന് 15 പവന്റെ സ്വർണമാണ് യുവതിയുടെ വീട്ടുകാർ വാങ്ങിത്. ഇതിന്റെ ഒപ്പം ഇമിറ്റേഷൻ ആഭരണങ്ങൾ കൂടി അണിയാനും വധു തീരുമാനിച്ചു. ഇക്കാര്യം വരന്റെ വീട്ടുകാരെ അവർ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ഹൽദി ചടങ്ങിനിടെ ഇമിറ്റേഷൻ ആഭരണം അണിയുന്നത് ചർച്ചയായി. ‘പെണ്ണിനെ മുക്കുപണ്ടം അണിയിക്കുകയാണെ’ന്ന രീതിയിൽ വരൻെ ഭാഗത്ത് നിന്നും വന്നവർ ആക്ഷേപിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.
വരന്റെ വീട്ടുകാർക്കെതിരെ വധുവിന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് ഇരുവിഭാഗത്തെയും വിളിച്ചു വരുത്തി. ചർച്ചയ്‌ക്കൊടുവിൽ ആഭരണത്തിന്റെ പേരിൽ ആക്ഷേപിച്ചതിനാൽ വിവാഹത്തിൽ നിന്നും പിൻമാറുന്നുവെന്ന് പെൺകുട്ടി വ്യക്തമാക്കി. ഇക്കാര്യം പൊലീസിന് എഴുതി നൽകുകയും ചെയ്തു.
വിവാഹ ഒരുക്കത്തിന് ചെലവായ തുക തിരിച്ച് കിട്ടാൻ നിയമനടപടി സ്വീകരിക്കുമെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. വരന്റെ വീട്ടുകാർ തന്റെ കൈയിൽനിന്ന് നാലരപ്പവന്റെ മാലയും കല്യാണച്ചെലവിന് 50,000 രൂപയും വാങ്ങിയതായി അവർ ആരോപിച്ചു.















