ന്യൂഡൽഹി: പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള വിശദവിവരങ്ങൾ ലോകത്തോട് വിശദീകരിച്ച ഇന്ത്യൻ സംയുക്തസേനയുടെ വനിതാ ഉദ്യോഗസ്ഥരായ വിംഗ് കമാൻഡർ വ്യോമിക സിംഗ്, കേണൽ സോഫിയ ഖുറേഷി എന്നിവരെ ആദരിച്ച് അമുൽ ഗ്രൂപ്പ്. ഇരുവരുടെയും ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന പോസ്റ്ററുകൾ അമുൽ ഗ്രൂപ്പ് പുറത്തിറക്കി.
സമകാലിക വിഷയങ്ങൾ തങ്ങളുടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിൽ മിടുക്കരായ അമുലിന്റെ ഇത്തവണത്തെ ആശയം ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് പറയുന്ന നാരീശക്തികളായിരുന്നു. വ്യോമിക സിംഗ്, സോഫിയ ഖുറേഷി എന്നിവർ മാദ്ധ്യമങ്ങളെ കാണുന്നതാണ് പുതിയ പോസ്റ്ററിലുള്ളത്. അമുലിന്റെ ബ്രാൻഡ് സിഗ്നേച്ചറായ പെൺകുട്ടി വനിതാ ഉദ്യോഗസ്ഥരെ സല്യൂട്ട് ചെയ്യുന്നതാണ് പോസ്റ്റർ. പാകിസ്താൻ- ഇന്ത്യ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ‘SEND THEM PAKKING’ ഭാരതിയനായതിൽ അഭിമാനം – എന്ന് അമുൽ പോസ്റ്ററിൽ കുറിച്ചു.
ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് നടത്തിയ പത്രസമ്മേളനത്തിന് വനിതാ ഉദ്യോഗസ്ഥർ നേതൃത്വം വഹിച്ചത് ഏറെ ചർച്ചയായിരുന്നു. ഭാരതത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സൈനിക നടപടിയെ കുറിച്ച് സംസാരിക്കാൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽ വനിതാ ഉദ്യോഗസ്ഥർ എത്തുന്നത്. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇരകൾക്കും കുടുംബത്തിനും നീതി നടപ്പാക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഇത് ലോകത്തോട് വിളിച്ചുപറയുന്നത്.