കോഴിക്കോട്: താമരശ്ശേരിയിൽ സഹപാഠികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിന് എഴുതിയ പരീക്ഷയിൽ എ പ്ലസ് ലഭിച്ചു. ഐടി പരീക്ഷയിലാണ് ഷഹബാസിന് എ പ്ലസ് ലഭിച്ചത്. ഈ പരീക്ഷ മാത്രമായിരുന്നു ഷഹബാസ് എഴുതിയത്.
ട്യൂഷൻ സെന്ററിലുണ്ടായ പ്രശ്‌നത്തെ തുടർന്ന് വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഷഹബാസ് കൊല്ലപ്പെട്ടത്. നഞ്ചക്ക് കൊണ്ടുള്ള അടിയേറ്റ് ഷഹബാസിന്റെ തലക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കുമ്പോഴാണ് ഷഹബാസ് മരിച്ചത്.
താമരശേരി ഷഹബാസ് കൊലക്കേസില്‍ പ്രതികളായ ആറ് വിദ്യാര്‍ഥികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞു വെച്ചു. വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകള്‍ ഉണ്ടെന്നും അക്രമവാസനകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പറഞ്ഞു.
ഈ കുട്ടികളെ മൂന്നു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്‌തെന്നും വകുപ്പ് വ്യക്തമാക്കി. ജുവനൈൽ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തിൽ വെച്ചായിരുന്നു വിദ്യാർഥികൾ പരീക്ഷ എഴുതിയത്.















