ന്യൂഡൽഹി: ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷാവസ്ഥ വഷളാക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്ന് വിംഗ് കമാൻഡർ വ്യോമിക സിംഗ്. പാകിസ്താന്റെ ഏത് ആക്രമണവും നേരിടാൻ ഇന്ത്യൻ സൈന്യം തയാറാണെന്നും രാജ്യത്തെ വ്യോമ സംവിധാനങ്ങൾ തകർത്തെന്ന പാകിസ്താന്റെ വാദം കള്ളമാണെന്നും വ്യോമിക സിംഗ് പറഞ്ഞു. കേണൽ സോഫിയ ഖുറേഷി, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി എന്നിവർക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രതികരണം.
തെളിവുകൾ നിരത്തിയായിരുന്നു സേന ഉദ്യോഗസ്ഥരുടെ വാർത്താസമ്മേളനം.
“ശ്രീനഗറിലെ ആർമി മെഡിക്കൽ സെന്ററുകളും സ്കൂളുകളും പാകിസ്താൻ ലക്ഷ്യമിട്ടു. പല ആയുധങ്ങളും ഉപയോഗിച്ച് പാകിസ്താൻ തുടർച്ചയായി ആക്രമിക്കുകയാണ്. ഇന്ത്യൻ വ്യോമകേന്ദ്രങ്ങൾക്ക് ചെറിയ തോതിൽ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. യാത്രാവിമാനങ്ങളെ മറയാക്കിയും പാകിസ്താൻ ആക്രമണം നടത്തുന്നുണ്ട്. ഷെൽ, ഡ്രോൺ ആക്രമണങ്ങളും പാകിസ്താന്റെ ഭാഗത്ത് നിന്ന് തുടർച്ചയായി ഉണ്ടാകുന്നു”.
ആവർത്തിച്ച് നുണ പ്രചരിപ്പിക്കുകയാണ് പാകിസ്താൻ. ഇന്ത്യൻ വ്യോമ സംവിധാനങ്ങൾ തകർത്തുവെന്നത് നുണയാണ്. അന്താരാഷ്‌ട്ര വ്യോമപാത പാകിസ്താൻ ദുരുപയോഗം ചെയ്തു. യുദ്ധവിമാനങ്ങളും അവർ ഉപയോഗിച്ചു. പാകിസ്താൻ അതിർത്തിയിൽ സൈനിക വിന്യാസവും വർദ്ധിപ്പിച്ചു.
പാക് സൈനിക കേന്ദ്രങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞതിന് ശേഷമാണ് ഇന്ത്യ ആക്രമണം നടത്തിയത്. പാകിസ്താന്റെ അടിസ്ഥാനസൗകര്യങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, റഡാറുകൾ, ആയുധശേഖര സങ്കേതങ്ങൾ എന്നിവ ലക്ഷ്യമിട്ടിരുന്നു. സംഘർഷം വഷളാക്കാൻ ഇന്ത്യ ശ്രമിക്കുന്നില്ലെന്നും വ്യോമിക സിംഗ് പറഞ്ഞു.