ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ പാകിസ്താൻ നടത്തുന്ന വ്യാജ പ്രചരണങ്ങളിൽ വീഴരുതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. ഇന്ത്യയിലെ ആരാധനാലയങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് പാകിസ്താൻ അവകാശവാദം ഉന്നയിക്കുന്നുണ്ടെന്നും ഇത്തരം പ്രസ്താവനകൾ നടത്തി ഇന്ത്യയെ വിഭജിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്നും വിക്രം മിശ്രി തുറന്നടിച്ചു. സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരോടൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
“ഇന്ത്യൻ സൈന്യം അഫ്ഗാനിസ്ഥാനിലേക്ക് മിസൈൽ ആക്രമണം നടത്തിയ എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ആരാധനാലയങ്ങളിലേക്ക് മിസൈലാക്രമണം നടത്തിയെന്ന പാകിസ്താന്റെ അവകാശവാദം പരിഹാസ്യമാണ്. ഇന്ത്യയുടെ അടിസ്ഥാനസൗകര്യങ്ങൾ തകർത്തെന്ന് പറയുന്നതും നുണയാണ്. ഇന്ത്യയെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട് പാകിസ്താൻ നടത്തുന്ന പ്രസ്താവനകൾ തെറ്റാണ്”.
“പാകിസ്താന്റെ വ്യാജപ്രചരണത്തിൽ കേട്ട് ആരും തെറ്റിദ്ധരിക്കപ്പെടരുത്. പാകിസ്താന്റെ പ്രവൃത്തികളാണ് സംഘർഷത്തിന് കാരണമായത്. ആക്രമണങ്ങൾക്ക് ഇന്ത്യ ഉചിതമായ മറുപടി നൽകിയിട്ടുണ്ട്”.
കശ്മീർ, പഞ്ചാബ് എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളും ജനവാസമേഖലകളും ലക്ഷ്യമിട്ട് പാകിസ്താന്റെ ആക്രമണം തുടരുകയാണ്. ഇന്ത്യക്കെതിരെ നടത്തുന്ന ആക്രമണങ്ങൾ പരാചയപ്പെടുന്നതിനാലാണ് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും വിക്രം മിശ്രി പറഞ്ഞു.