അമൃത്സർ: അമൃത്സറിലെ സുവർണക്ഷേത്രത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. പഞ്ചാബിലെ പ്രധാനനഗരങ്ങൾ ലക്ഷ്യമാക്കിയുള്ള പാകിസ്താന്റെ ആക്രമണശ്രമം കണക്കിലെടുത്താണ് ക്ഷേത്രത്തിൽ സുരക്ഷ ശക്തമാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം സുവർണക്ഷേത്രം ഉൾപ്പെട്ട നഗരത്തിൽ സമ്പൂർണ ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചിരുന്നു. 1971-ന് ശേഷം ആദ്യമായാണ് സുവർണ ക്ഷേത്രത്തിൽ പൂർണമായും വിളക്കുകൾ കെടുത്തിയത്. ക്ഷേത്രത്തിലെ പലയിടങ്ങളിൽ ആന്റി റെയ്ഡ് ഫോഴ്സ് ഉൾപ്പെടെ പരിശോധന നടത്തുന്നുണ്ട്. അതിർത്തി ജില്ലകളിൽ സ്ഥിതിചെയ്യുന്ന ഗുരുദ്വാരയിലുള്ള ഗുരുഗ്രന്ഥ സാഹിബ് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുമെന്നാണ് വിവരം.
സുവർണക്ഷേത്രത്തിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിലും ഗണ്യമായി കുറവുണ്ടായി. വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ ദിനംപ്രതി ഒരു ലക്ഷത്തോളം ആളുകൾ എത്തുന്ന ക്ഷേത്രം കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിരക്കൊഴിഞ്ഞാണ് കിടക്കുന്നത്.