ശ്രീനഗർ: ഉധംപൂർ വിമാനത്താവളത്തിന് നേരെയുണ്ടായ പാകിസ്താന്റെ ഡ്രോൺ ആക്രമണത്തിൽ സൈനികന് വീരമൃത്യു. രാജസ്ഥാൻ സ്വദേശിയായ സുരേന്ദ്ര സിംഗ് മോഗയാണ് വീരമൃത്യു വരിച്ചത്. ഡ്രോൺ ആക്രമണം പ്രതിരോധിക്കുന്നതിനിടെ തകർന്നുവീണ ഡ്രോണിന്റെ അവശിഷ്ടങ്ങൾ ശരീരത്തിലേക്ക് പതിച്ചാണ് സൈനികന് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു സുരേന്ദ്ര സിംഗ്.
പാകിസ്താൻ- ഇന്ത്യ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിന്റെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികനാണ് വീരമൃത്യു വരിച്ചത്. രാത്രി നടന്ന ആക്രമണത്തിൽ വ്യോമ പ്രതിരോധസേന ശക്തമായി പ്രതിരോധം തീർത്തിരുന്നു. എന്നാൽ ഇതിനിടെ തകർന്ന ഡ്രോണിന്റെ ഭാഗം സുരേന്ദ്ര സിംഗിന്റെ ശരീരത്തിലേക്ക് വീണതാണ് അപകടത്തിന് കാരണമായത്.
സൈനികന്റെ വിയോഗത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ജമ്മുവിലെ ആർ എസ് പുര പ്രദേശത്ത് നടന്ന വെടിവയ്പ്പിൽ ബിഎസ്എഫ് ജവാൻ വീരമൃത്യു വരിച്ചിരുന്നു.















