ന്യൂഡൽഹി: പാകിസ്താൻ – ഇന്ത്യ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്ത് അടച്ചിട്ടിരുന്ന വിമാനത്താവളങ്ങൾ തുറന്നു. അതിർത്തിയിലെ സ്ഥിതിഗതികൾ ശാന്തമായതോടെയാണ് അടച്ചിട്ട 32 വിമാനങ്ങൾ തുറക്കാൻ തീരുമാനമായത്. ഛണ്ഡിഗഢ്, ശ്രീനഗർ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങൾ തുറക്കും. മെയ് 15 വരെ അടച്ചിടാനായിരുന്നു കേന്ദ്രസർക്കാരിന്റെ നിർദേശം.
ഇന്ന് മുതൽ യാത്രക്കാർക്ക് എയർലൈൻസുമായി നേരിട്ട് ബന്ധപ്പെടാമെന്നും വെബ്സൈറ്റുകൾ നിരീക്ഷിക്കാമെന്നും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അതിർത്തി പ്രദേശങ്ങളിൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യാത്ത പശ്ചാത്തലത്തിലാണ് തീരുമാനം.
മുംബൈയിലെ മുന്ദ്ര, ജാംനഗർ, രാജ്കോട്ട്, പോർബന്ദർ, ഭുജ് തുടങ്ങിയ വിമാനത്താവളങ്ങൾ തുറന്നിട്ടുണ്ട്. യാത്രക്കാർ മൂന്ന് മണിക്കൂർ മുമ്പായി വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന കർശന നിർദേശവും അധികൃതർ നൽകി. അതേസമയം ജമ്മു, ശ്രീനഗർ, കുളു, ലുധിയാന, ഷിംല, ജോധ്പൂർ, പഠാൻകോട്ട്, ലേ തുടങ്ങിയ പ്രധാന അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ തുറന്നിട്ടില്ലെന്നാണ് വിവരം.
വ്യോമാതിർത്തിയുടെയോ വിമാനത്താവളത്തിന്റെയോ പ്രവർത്തനങ്ങൾക്ക് മാറ്റമുണ്ടാകുന്ന സാഹചര്യത്തിൽ നൽകുന്ന രേഖാമൂലമുള്ള അറിയിപ്പായ NOTAM പുറപ്പെടുവിച്ചിട്ടുണ്ട്. അടച്ചിട്ട എല്ലാ വിമാനത്താവളങ്ങളിലേക്കും NOTAM അയച്ചുവരികയാണ്.