അമൃത്സർ: പഞ്ചാബിൽ വീണ്ടും വ്യാജമദ്യ ദുരന്തം. മദ്യം കഴിച്ച് അവശനിലയിലായ 15 പേർ മരിച്ചു. ആറ് പേരുടെ നിലഗുരുതരമാണ്. ഇന്നലെ രാത്രി ഒമ്പതരക്കാണ് ആദ്യമരണം റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ മദ്യം വിതരണം ചെയ്ത പ്രധാനി ഉൾപ്പെടെ നാല് പേർ അറസ്റ്റിലായി.
പ്രധാന മദ്യവിതരണക്കാരനായ പ്രഭജീത് സിംഗ്, സഹോദരൻ കുൽബീർ സിംഗ്, മർദി കലാൽ സ്വദേശി സാഹിബ് സിംഗ്, തിരേൻവാൾ സ്വദേശി നിന്ദർ കൗർ എന്നിവരാണ് പ്രതികൾ. ഇവരെ ചോദ്യം ചെയ്തുവരികയാണ്. എവിടെ നിന്നൊക്കെയാണ് മദ്യം വാങ്ങിയതെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണം നടക്കുന്നുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
വ്യാജമദ്യ വിതരണക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അമൃത്സർ എസ്എസ്പി മനീന്ദർ സിംഗ് പറഞ്ഞു. മദ്യവിൽപ്പനശാലകൾ കേന്ദ്രീകരിച്ച് പരിശോധന തുടങ്ങിയിട്ടുണ്ട്. അഞ്ച് ഗ്രാമങ്ങളെയാണ് മദ്യദുരന്തം ബാധിച്ചത്. കൂടുതൽ പേർ മദ്യം കഴിക്കാൻ സാധ്യതയുള്ളതിനാൽ പൊലീസ് ഉദ്യോഗസ്ഥർ വീടുവീടാന്തരം കയറി അന്വേഷിക്കുകയാണ്. സ്ഥലത്ത് മെഡിക്കൽ ടീമും എത്തിയിട്ടുണ്ട്.
മദ്യം കഴിച്ച മറ്റുള്ളവർക്ക് എന്തെങ്കിലും ശാരീരിക അസ്വസ്ഥകൾ ഉണ്ടായാൽ ഉടൻ ആരോഗ്യവിദഗ്ധരെ അറിയിക്കണമെന്ന് നിർദേശം നൽകി. ചെറിയ ലക്ഷണങ്ങളുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ശക്തമാക്കി.















