ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യം തകർത്ത പാകിസ്താൻ വ്യോമതാവളങ്ങളുടെ ആകാശദൃശ്യങ്ങൾ പുറത്ത്. ഇന്ത്യൻ സൈന്യത്തിന്റെ കനത്തപ്രഹരം വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ടത്.
സിന്ധിലെ സുക്കൂർ വിമാനത്താവളം, റാവൽപിണ്ടിയിലെ നൂർഖാൻ വ്യോമതാവളം, റഹിം യാർ ഖാൻ വ്യോമതാവളം, സർഗോധയിലെ മുഷഫ്, ജേക്കബാബാദ്, ബൊളാരി എന്നിവിടങ്ങളിലെ വ്യോമതാവങ്ങളും ഓപ്പറേഷൻ സിന്ദൂറിൽ തകർന്നു. പാകിസ്താനിലെ സൈനിക കേന്ദ്രങ്ങളും ഭീകരകേന്ദ്രങ്ങളും ലക്ഷ്യമാക്കി, കൃത്യമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ സൈന്യം പഹൽഗാം ഭീകരാക്രമണത്തിന് മറുപടി നൽകിയത്.
സുക്കൂർ വ്യോമതാവളം- സിന്ധിലെ ജാംഷോറോ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സുക്കൂർ വ്യോമതാവളം പാകിസ്താൻ വ്യോമസേനയുടെ ഒരു ഓപ്പറേഷണൽ ബേസാണ്. F-16, J-17 പോലെയുള്ള യുദ്ധവിമാനങ്ങൾ ഇവിടെയുണ്ടായിരിക്കും.
നൂർഖാൻ വ്യോമതാവളം- പാകിസ്താന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യോമതാവളങ്ങളിലൊന്നാണ് ഇവിടം. പാക് പ്രസിഡന്റ് ഉൾപ്പെടെ ഉന്നത നേതാക്കൾ യാത്ര ചെയ്യുന്നത് ഇവിടെ നിന്നാണ്. ഇസ്ലാമാബാദിൽ നിന്നും വെറും 10 കിലോമീറ്റർ അകലെയായാണ് നൂർഖാൻ സ്ഥിതിചെയ്യുന്നത്. പാകിസ്താന്റെ എയർ മൊബിലിറ്റി കമാൻഡിന്റെ നാഡീകേന്ദ്രമായാണ് ഇത് പ്രവർത്തിക്കുന്നത്.
റഹിം യാർ ഖാർ വ്യോമതാവളം- ഓപ്പറേഷൻ സിന്ദൂറിൽ വ്യോമതാവളത്തിന്റെ റൺവേയിൽ വലിയ ഗർത്തം രൂപപ്പെടുകയും തകരുകയും ചെയ്തിരുന്നു. ഇതോടെ ഒരാഴ്ചയാണ് വ്യോമതാവളം അടച്ചിട്ടത്. ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഇത് ഉപയോഗിക്കാറുണ്ട്.