മുംബൈ: പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും ചർച്ച ചെയ്യാൻ പാർലമെന്റിൽ പ്രത്യേക സമ്മേളനം വിളിക്കേണ്ടതില്ലെന്ന് എൻസിപി(എസ്പി) അദ്ധ്യക്ഷൻ ശരദ് പവാർ. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“പാർലമെന്റിൽ പ്രത്യേക സമ്മേളനം ചേരുന്നത് താൻ എതിർക്കുന്നില്ല. എന്നിരുന്നാലും, ദേശീയ പ്രാധാന്യമുള്ള ഗൗരവമേറിയ വിഷയങ്ങൾ പാർലമെന്റിൽ പരസ്യമായി ചർച്ച ചെയ്യരുത്. ഒരു സർവകക്ഷി യോഗം വിളിച്ച് സ്വകാര്യമായി ചർച്ചകൾ നടത്തുന്നത് ഉചിതമായിരിക്കും”. പവാർ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത് എന്നിവർ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന ആവശ്യമുന്നയിച്ചതിനു പിന്നാലെയാണ് പവാറിന്റെ പ്രതികരണം.
കേന്ദ്ര സർക്കാർ എല്ലാ മുതിർന്ന സൈനിക ഉദ്യോഗസ്ഥരെയും പ്രതിപക്ഷ നേതാക്കളെയും ഉൾപ്പെടുത്തി നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കണമെന്ന് പവാർ അഭിപ്രായപ്പെട്ടു. സിംല കരാർ അനുസരിച്ച് നമ്മുടെ സ്വന്തം തർക്കങ്ങൾ പരിഹരിക്കാൻ നമുക്ക് സാധിക്കുമെന്നും മുൻ പ്രതിരോധ മന്ത്രി കൂടിയായ പവാർ, വ്യക്തമാക്കി.















