നിലമ്പൂർ: ദീർഘദൂരയാത്രയ്‌ക്കിടെ മൂത്രമൊഴിക്കാൻ ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ട യുവാവിനെ ടൂറിസ്റ്റ് ബസ് ക്ലീനർ മർദ്ദിച്ചെന്ന് പരാതി.വഴിക്കടവ് സ്വദേശി അലൻ തോമസിനാണ് മർദ്ദനമേറ്റത്.പരുക്കേറ്റ യുവാവിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകി വിട്ടു.
പ്രതിയായ ക്ലീനറെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബെoഗളൂരു-പെരിന്തൽമണ്ണ റൂട്ടിലോടുന്ന ടൂറിസ്റ്റ് ബസിൻ്റ ക്ലീനർ വയനാട് തിരുനെല്ലി സ്വദേശി അനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബംഗളൂരുവിൽ നിന്നു 12 ന് രാത്രി 7 ന് പുറപ്പെട്ട ബസിൽ നിലമ്പൂർക്കുള്ള യാത്രക്കാരനായിരുന്നു അലൻ തോമസ്. ഇന്നലെ പുലർച്ചെ 4.30 ന് മൂത്രശങ്ക തീർക്കാൻ ബസ് നിർത്തണമെന്ന് അലൻ ആവശ്യപ്പെട്ടു. എന്നാൽ ക്ലീനർ വഴങ്ങിയില്ല. അലൻ വീണ്ടും ആവശ്യപ്പെട്ടപ്പോൾ കുപിതനായി അനീഷ് അസഭ്യം പറഞ്ഞെന്ന് അലൻ പറയുന്നു. എന്നാൽ പിന്നീട് ഡ്രെെെവർ ബസ് നിർത്തിക്കൊടുത്തു.
നിലമ്പൂരിൽ 7.30 ന് ബസ് നിർത്തി പുറത്തിറങ്ങി ലഗേജ് എടുക്കവെ പ്രകോപനമൊന്നുമില്ലാതെ അനീഷ് എന്തോ ആയുധം ഉപയോഗിച്ച് അലന്റെ പുറത്ത് ഇടിക്കുകയായിരുന്നു. അലന്റെ ശരീരത്ത് മുറിവുകളുണ്ട്.















