ചൈനീസ് സർക്കാറിന്റെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്. പാക് അനുകൂല പ്രചരണവും തെറ്റായ വിവരങ്ങളും നൽകിയതിനെത്തുടർന്നാണ് കേന്ദ്രത്തിന്റെ നടപടി. ചൈനീസ് സർക്കാർ നടത്തുന്ന മാധ്യമമായ ഗ്ലോബൽ ടൈംസിന്റെയും സിൻഹുവ വാർത്താ ഏജൻസിയുടെയും എക്സ് അക്കൗണ്ടാണ് ഇന്ത്യ ബ്ലോക്ക് ചെയ്തത്. പാകിസ്താനിലെ ഭീകര താവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് നടപടി.
ഓപ്പറേഷനിൽ ഇന്ത്യൻ സായുധ സേനയ്‌ക്ക് നാശനഷ്ടങ്ങളുണ്ടായെന്ന തരത്തിൽ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നത്തിനെതിരെ ചൈനയിലെ ഇന്ത്യൻ എംബസി പ്രാദേശിക മാധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പാകിസ്താനോട് അനുഭാവം പുലർത്തുന്ന നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇതിനുപിന്നിലുണ്ടെന്നും ഇന്ത്യ കണ്ടെത്തി.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉടമസ്ഥതയിലുള്ള പീപ്പിൾസ് ഡെയ്‌ലിക്ക് കീഴിലുള്ള ഒരു ഇംഗ്ലീഷ് ടാബ്ലോയിഡ് പത്രമാണ് ഗ്ലോബൽ ടൈംസ്. അതേസമയം ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് സിൻഹുവ. ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതിനുശേഷം പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) ഫാക്ട് ചെക്ക് യൂണിറ്റ് തെറ്റായ വിവരങ്ങൾക്കെതിരെ സജീവമായി രംഗത്തുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന നിരവധി ദൃശ്യങ്ങളും വിവരണങ്ങളും പുനരുപയോഗിച്ചതോ കൃത്രിമമായി നിർമ്മിച്ചതോ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.















