പത്തനംതിട്ട: കോന്നിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ച് ജനീഷ് കുമാർ എംഎൽഎ. പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷനിൽ കസ്റ്റഡിയിൽ എടുത്തയാളെയാണ് മോചിപ്പിച്ചത്. എംഎൽഎ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തി ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതുമായ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഫോറസ്റ്റ് ഓഫീസ് കത്തിക്കുമെന്നാണ് എംഎൽഎയുടെ ഭീഷണി. എടാ പോടാ എന്ന് വിളിച്ച് കൊണ്ടാണ് എംഎൽഎയുടെ ആക്രോശം.
https://www.facebook.com/share/r/19DrVAvyox/
ദുരൂഹ സാഹചര്യത്തിൽ കാട്ടാന ചരിഞ്ഞാൽ അന്വേഷണം നടത്തുക വനം വകുപ്പിന്റെ ജോലിയാണെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞു. സോളാർ വേലിയിലുടെ അധിക വൈദ്യുതി പ്രവഹിച്ചത് കൊണ്ടാണ് കാട്ടാന ചരിഞ്ഞതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. തുടർ അന്വേഷണത്തിനാണ് തോട്ടം ഉടമയുടെ സഹായിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ഇയാളിൽ നിന്നും നിർണ്ണായക വിവരങ്ങൾ ലഭിച്ചു. ഇതിനിടെയാണ് പ്രതിയെന്ന് സംശയിക്കുന്നയാളെ എംഎൽഎ ബലമായി മോചിപ്പിച്ച് കൊണ്ടുപോയത്. കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുന്ന നടപടിയാണ് എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടന ചൂണ്ടിക്കാട്ടുന്നു.
എന്നാൽ വനം വകുപ്പ് പാവങ്ങളെ കള്ളക്കേസിൽ കുടുക്കുന്നുവെന്നാണ് എംഎൽഎയുടെ വാദം. കോന്നി ഡിവൈഎസ്പി രാജപ്പൻ റാവുത്തറെയും കൂട്ടിക്കൊണ്ടാണ് എംഎൽഎ വനം വകുപ്പ് ഓഫീസിൽ എത്തി യുവാവിനെ മോചിപ്പിച്ച് കൊണ്ടുപോയത്.















